അര്‍ധരാത്രി കാമുകി വിളിച്ചതോടെ പതിനാറുകാരന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയി; മരണത്തിന് പിന്നില്‍ ജാതി വെറിയോ?

പട്ന: കാമുകി വിളിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പോയ പതിനാറുകാരന്‍ കൊല്ലപ്പെട്ട നിലയില്‍. ബീഹാറിലെ പട്നയിലെ ന്യൂ അസിമാബാദ് കോളനിയില്‍ ഇന്നലെയാണ് സംഭവം. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന അന്‍ഷു കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിയുമായിട്ടുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.സന്ധല്‍പൂര്‍ പ്രദേശത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രി കാമുകി വിളിച്ചതനുസരിച്ചാണ് പതിനാറുകാരന്‍ വീട്ടില്‍ നിന്ന് പുറത്തുപോയത്. പിറ്റേന്ന് രാവിലെ 7 മണിയോടെ ഇയാളുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തുകയായിരുന്നു.

പതിനാറുകാരന്റെ കാമുകിയേയും, സഹോദരനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. കൂടാതെ പ്രതിഷേധക്കാര്‍ ഇവര്‍ റോഡ് ഉപരോധിക്കുകയും, പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലെറിയുകയും ചെയ്തു. ചോദ്യം ചെയ്യാനായി പെണ്‍കുട്ടിയേയും, സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.