കോവിഡ് പോരാളികളോട് രാജ്യം കടപ്പെട്ടിരിക്കുന്നു: ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃക: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

ന്യൂഡൽഹി: കോവിഡ് മഹാമാരി ലോകം മുഴുവനുമുള്ള ജനജീവിതം തകിടംമറിച്ചുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 74ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ സ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി സംസാരിച്ചത്. കോവിഡ് പോരാളികളോടുള്ള ആദരവും അറിയിച്ചു. ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

കോവിഡിന് എതിരായ പോരാട്ടം നടത്തിയ എല്ലാ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ആരോഗ്യ പ്രവര്‍ത്തകരോടും മുന്നില്‍നിന്ന് പൊരുതിയ എല്ലാവരോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. കൊറോണ യോദ്ധാക്കളെ അഭിനന്ദിച്ചാല്‍ അത് കുറഞ്ഞുപോകും. ചെയ്യാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള പ്രവര്‍ത്തനമാണ് എല്ലാ കോവിഡ് പോരാളികളും നടത്തിയത്. അതിലൂടെയാണ് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും അവശ്യ സര്‍വീസുകള്‍ ലഭ്യമാക്കാനും കഴിഞ്ഞതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ നേർന്നു. ഈ അവസരത്തിൽ, നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തെ നന്ദിയോടെ ഓർക്കുന്നു. അവർ ചെയ്ത ത്യാഗത്തിന്റെ ഫലമായി നാം ഇന്ന് ഒരു സ്വതന്ത്ര രാജ്യത്തെ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വഴികാട്ടിയായിരുന്നു മഹാത്മാഗാന്ധി എന്നതിൽ നമ്മൾ ഭാഗ്യവാന്മാരാണ്. ഈ വർഷം പതിവുരീതിയിലുള്ള സ്വാതന്ത്ര്യദിനാഘോഷമില്ല. ലോകമെമ്പാടും മാരകമായ ഒരു വൈറസ് പടർന്നു പിടിക്കുന്നതും അത് ജീവിതത്തിന് വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ലഡാക്കിൽ രാജ്യത്തിനായി ജീവത്യാഗം വരിച്ച എല്ലാ സൈനികൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.ലോകത്തെ പിടിച്ചുലച്ച മഹാമാരിയുടെ വ്യാപനത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലൂടെ നിരവധി മനുഷ്യ ജീവനുകള്‍ സംരക്ഷിക്കുന്നതില്‍ നാം വിജയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വെല്ലുവിളി നേരിടാൻ കേന്ദ്രസർക്കാർ സമയബന്ധിതമായി ഫലപ്രദമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നത് വളരെ ആശ്വാസകരമാണ്. ഈ പരിശ്രമത്തിന്റെ ഭാഗമായി ലോകത്തെ വിറപ്പിച്ച കോവിഡിനെ നിയന്ത്രിക്കാനും നിരവധി പേരുടെ ജീവൻ രക്ഷിക്കാനും സാധിച്ചു, അങ്ങനെ ലോകത്തിന് ഒരു മാതൃക സൃഷ്ടിക്കാനും ആയി. ഇന്ത്യയുടെ സ്വാശ്രയത്വം എന്നാൽ ലോകത്തിൽ നിന്ന് അകലം പാലിക്കുകയോ അകലം സൃഷ്ടിക്കുകയോ ചെയ്യാതെ സ്വയംപര്യാപ്തരാകുക എന്നതാണ്. തന്റെ സ്വത്വം നിലനിർത്തിക്കൊണ്ടു തന്നെ ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുമായി ഇടപഴകുന്നത് തുടരും– രാഷ്ട്രപതി പറഞ്ഞു. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കി. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ഒരു സ്ഥലത്തുനിന്ന്മ റ്റൊരിടത്തേക്ക് പോകേണ്ടിവന്നവര്‍ക്കും കോവിഡ് വ്യാപനംമൂലം ജീവിതമാര്‍ഗം തടസപ്പെട്ടവര്‍ക്കും അത് ആശ്വാസമായി. സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമുള്ളവര്‍ക്കെല്ലാം നല്‍കിയതിനാല്‍ ഒരു കുടുംബത്തിനും വിശന്ന് കഴിയേണ്ടി വന്നില്ല. എല്ലാ മാസവും 80 കോടി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ റേഷന്‍ ഉറപ്പാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.