എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ ദുഖമുണ്ടെന്നും ബ്രിട്ടനും അവിടുത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്തിന് കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

2015-ലെയും 2018-ലും മോദി യുകെ സന്ദര്‍ശിച്ചപ്പോള്‍ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെക്കുറിച്ചും മോദി പരാമര്‍ശിക്കുന്നുണ്ട്. സന്ദര്‍ശനവേളയില്‍ രാജ്ഞിയുടെ വിവാഹവേളയില്‍ മഹാത്മാ ഗാന്ധി സമ്മാനിച്ച കൈത്തൂവാല രാജ്ഞി തന്നെ കാണിച്ചുവെന്ന് മോദി അനുസ്മരിച്ചു. രാജ്ഞിയുടെ സ്‌നേഹവും ദയവും ഒരിക്കലും മറക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലാണ് അന്ത്യം. കഴിഞ്ഞ വര്‍ഷം ഓക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടീഷ് രാജ്ഞിയായിരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞിക്ക് 96 വയസ്സായിരുന്നു. 70 വര്‍ഷം അവര്‍ രാജ്ഞിയായിരുന്നു. വ്യാഴാഴ്ച രാവിലെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍ ആശങ്കഅറിയിച്ചിരുന്നു.

ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണം അറിയിച്ചത്. എലിസബത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മക്കളായ ചാള്‍സ്, ആന്‍, ആന്‍ഡ്രൂസ്,എഡ്വാര്‍ഡ് എന്നിവര്‍ ബാല്‍മൊറാലിലേക്ക് എത്തിയിരുന്നു. എലിസബത്തിന്റെ മരണത്തോടെ ചാള്‍സ് പുതിയ രാജാവാകും. 1952 ലാണ് എലിസബത്ത് ഭരണത്തില്‍ എത്തുന്നത്. എലിസബത്തിന്റെ ഭരണകാലത്ത് വിന്‍സന്റ് ചര്‍ച്ചില്‍ മുതല്‍ ലിസ് ട്രസ് വരെ 15പ്രധാനമന്ത്രിമാര്‍ ബ്രിട്ടണ്‍ ഭരിച്ചു.