ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി . ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രക്തസാക്ഷികളുടെ ജീവത്യാഗം കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കാന്‍ നമുക്ക് ഊര്‍ജം നല്‍കുമെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.

‘ജാലിയന്‍ വാലാബാഗില്‍ ഇതേ ദിവസം നടന്ന ജീവത്യാഗങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. അവരുടെ ത്യാഗമാണ് കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കാന്‍ നമുക്ക് ഊര്‍ജം നല്‍കുന്നത്. നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികള്‍ കണ്ട സ്വപ്‌നം സഫലമാകാന്‍ പ്രവര്‍ത്തിക്കണം. ഇന്ത്യയെ ശക്തവും വികസിത രാജ്യവുമായി മാറ്റാന്‍ പ്രവര്‍ത്തിക്കണം’ മോദി ട്വിറ്ററില്‍ കുറിച്ചു.

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, എന്നിവരും രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് രംഗത്തെത്തുകയുണ്ടായി. ട്വിറ്ററിലൂടെ തന്നെയായിരുന്നു മന്ത്രിമാരും ആദരമര്‍പ്പിച്ചത്. ‘ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ജീവൻ നഷ്ടമായ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ള രക്തസാക്ഷികള്‍ക്ക് ആദരം. എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തില്‍ അവരുടെ ജീവത്യാഗം ഓര്‍മ്മിക്കപ്പെടും,’ എന്നാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ട്വിറ്ററില്‍ കുറിക്കുന്നത്.

‘കൊളോണിയല്‍ ക്രൂരതയുടെ ഭീകരമായ പ്രതീകമായ ജാലിയന്‍ വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍. രക്തസാക്ഷികളോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുന്നു. സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാന്‍ അവരുടെ ത്യാഗം എന്നും ഓര്‍മ്മിപ്പിക്കപ്പെടും’ എന്ന് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ട്വിറ്ററിൽ കുറിച്ചു.

‘ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലകളിലൊന്ന്. ജാലിയന്‍ വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു,’ എന്നാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററിൽ കുറിച്ചത്. ” ഇന്ത്യാ ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച ജാലിയന്‍ വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. അടിച്ചമര്‍ത്തലിനെ നേരിടുന്ന ധീരതയുടെ ശക്തിയെ ഓര്‍മ്മപ്പെടുത്തുന്ന സംഭവമാണിത്. ജയ് ഹിന്ദ്,’ എന്നാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞത്.

ദേശീയ നേതാക്കളായ സെയ്ഫുദ്ദിന്‍ കിച്ച്‌ലു, സത്യപാല്‍ എന്നിവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ജാലിയന്‍ വാലാബാഗ് മൈതാനത്ത് ഒത്തുച്ചേര്‍ന്ന സാധാരണക്കാര്‍ക്ക് നേരെ ബ്രിട്ടീഷുകാര്‍ വെടിയുതിര്‍ത്ത സംഭവമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രില്‍ 13നാണ് ഇത് സംഭവിച്ചത്. അന്നത്തെ ബ്രിട്ടീഷ് മിലിട്ടറി കമാന്‍ഡറായിരുന്ന ജനറല്‍ ഡയറാണ് വെടിവെപ്പിന് നേതൃത്വം നൽകിയത്. നിരവധി പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.