ഇന്ത്യയെ 2047 ഓടെ വികസിത രാജ്യമാക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ. ഇന്ത്യയെ 2047 ഓടെ വികസിത രാജ്യമാക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സബ്കാ സാത്ത് സബ്കാ വികാസ് എന്നാണ് ഭാരതത്തിന്റെ മന്ത്രം എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതാണ് മഹാരാഷ്ട്രയിലെ വികസനം. 75000 കോടിയുടെ വികസന പദ്ധതികള്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത് പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ്. രാജ്യത്തിന്റെ സമ്പത്ത് വ്യവവസ്ഥ വളരുമ്പോള്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള സര്‍ക്കാരിന്റെ ബജറ്റും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 1.10 കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍ നല്‍കി. പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കരിമ്പ് കര്‍ഷകരെയും പഞ്ചസാര മില്ലുകളെയും സഹായിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ടായി മഹാരാഷ്ട്ര കാത്തിരുന്ന നിലവന്ദേ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായി.