സച്ചിയുടെ ഒരുപാട് ആഗ്രഹങ്ങളിലൊന്ന്, ബാക്കി വച്ച സ്വപ്നം പൂര്‍ത്തീകരിച്ച്‌ പൃഥ്വിരാജ്

പ്രിയ സുഹൃത്ത് സച്ചിയുടെ വിയോ​ഗം പൃഥ്വിരാജിനെ ഏറെ തളർത്തിയിരുന്നു. സച്ചിയുടെ ആ​ഗ്രഹം പൂര്‍ത്തിയാക്കാനായി പുതിയ പ്രഖ്യാപനവുമായി ‌‌നടന്‍ പൃഥ്വിരാജ്. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ പേരില്‍ ബാനര്‍ അനൗണ്‍സ്‌ ചെയ്‌തു കൊണ്ടാണ് സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്.

സച്ചി ക്രിയേഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന ബാനറിലൂടെ നല്ല സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് പൃഥ്വിരാജ് കുറിച്ചത്. സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത് സച്ചിയുടെ ഒരുപാട് ആ​ഗ്രഹങ്ങളില്‍ ഒന്നായിരുന്നെന്നും ഇത് നിറവേറ്റാനായാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഫേയ്സ്ബുക്കിലൂടെയാണ് പ്രഖ്യാപനം.

പൃഥ്വിരാജിന്റെ കുറിപ്പ്

നമസ്ക്കാരം എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍. December 25 എന്നെ സംബന്ധിച്ച്‌ ‌മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും, ആഗ്രഹപൂര്‍ത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനര്‍ അനൗണ്‍സ്‌മെന്റ് നടത്തുകയാണ് Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.

മലയാള സിനിമാ ലോകത്ത് ജ്വലിച്ച്‌ നില്‍ക്കുന്ന സമയത്തായിരുന്നു സച്ചിയുടെ വിടവാങ്ങല്‍. ചോക്ലേറ്റിന് തിരക്കഥ ഒരുക്കിയാണ് സേതുവിനൊപ്പം സച്ചി സിനിമാ ലോകത്തേക്ക് വരുന്നത്. ചോക്ലേറ്റിന്റെ വിജയത്തോടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി സച്ചി -സേതു കോമ്ബോ മാറി. റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ് എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടി. പിന്നീട് റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങളില്‍ സ്വതന്ത്ര തിരക്കഥാകൃത്തായ സച്ചി 2015ല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അനാര്‍ക്കലിയിലൂടെ സംവിധാനരംഗത്തേക്ക് എത്തുകയായിരുന്നു. ചിത്രം മികച്ച വിജയമായി. തുടര്‍ന്ന് പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഡ്രൈവിംഗ് ലൈസന്‍സും സൂപ്പര്‍ഹിറ്റായി മാറി.