യുപിയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ പ്രിയങ്ക ഗാന്ധി

ഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിനു പിന്നാലെ, യുപിയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ പ്രിയങ്ക ഗാന്ധി പുതിയ വഴികൾ തേടുന്നു. യുപിയിൽ നിന്നു മാറ്റി, പ്രിയങ്കയെ കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ ഭാഗമാക്കണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യമുയർന്നിട്ടുണ്ടെങ്കിലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് പാർട്ടിയെ നയിക്കാനുള്ള ദൗത്യം പ്രിയങ്ക ഏറ്റെടുക്കുമെന്നാണു സൂചന.

പ്രിയങ്കയുടെ തന്ത്രങ്ങൾ ഫലിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ടെങ്കിലും അവരുടെ സമ്മതമില്ലാതെ യുപി ദൗത്യത്തിൽനിന്ന് മാറ്റാൻ ഹൈക്കമാൻ‍ഡ് തയാറായേക്കില്ല. യുപിയിൽ ബിജെപിയുടെ തേരോട്ടം തടഞ്ഞാൽ മാത്രമേ കേന്ദ്രഭരണത്തിൽ നിന്ന് അവരെ പുറത്താക്കാൻ കഴിയൂവെന്നാണു പ്രിയങ്കയുടെ നിലപാട്. പാർട്ടി അതു ശരിവയ്ക്കുന്നുണ്ടെങ്കിലും പ്രിയങ്ക സ്വീകരിക്കുന്ന തന്ത്രങ്ങളിൽ പോരായ്മകളുണ്ടെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.