കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്ത നടപടി മരവിപ്പിച്ചു

കോഴിക്കോട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി മരവിപ്പിച്ചു. വിദ്യാര്‍ഥി നല്‍കി അപ്പീലില്‍ തീരുമാനം വരുംവരെയാണ് നടപടി. തിങ്കളാഴ്ച അപ്പീല്‍ പരിഗണിക്കും എന്നാണ് കരുതുന്നത്.

നടപടി മരവിപ്പിച്ചതോടെ എന്‍ഐടിയില്‍ നടന്ന സമരം അവസാനിപ്പിച്ചു. അതേസമയം എസ്എഫ്ഐ എന്‍ഐടിയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകന് പരിക്കേറ്റു. ബാരിക്കേഡ് മറികടന്ന് അകത്തുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ ഏരിയ പ്രസിഡന്റ് യാസീര്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍ മിഥുന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഇന്ത്യ രാമരാജ്യം അല്ലെന്ന് പോസ്റ്റര്‍ ഉയര്‍ത്തിയതിനാണ് നടപടി. വൈശാഖിനെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്യാംപസിലേക്ക് മാര്‍ച്ച് നടത്തി.