പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി തുടരാം, ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെ ഹൈക്കോടതി തള്ളി

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. യൂണിവേഴ്സിറ്റി വി സിയായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസിയുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഫയലിൽപ്പോലും സ്വീകരിക്കാതെ സിംഗിൾ ബഞ്ച് തള്ളിയത്. ജസ്റ്റിസ് അമിത് റാവലിന്‍റേതാണ് ഉത്തരവ്.

ഹർജിക്കാർ അടുത്ത ദിവസം തന്നെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമാണിത്. നിലവിൽ ക്യാബിനറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇതിന് ശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു മാധ്യമങ്ങളെ കണ്ടേക്കും.

വലിയ രാഷ്ട്രീയവിവാദത്തിനിടെയാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. ഇതിനെതിരെ ചാൻസലർ കൂടിയായ ഗവർണർ തന്നെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മേൽ കണ്ണൂർ വിസിയെ നിലനിർത്താനായി സമ്മർദ്ദമുണ്ടായെന്നും ഗവർണർ തുറന്നടിച്ചിരുന്നു. എന്നാൽ ആരാണ് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതെന്ന് ഗവർണർ തുറന്ന് പറഞ്ഞിരുന്നില്ല.

എന്നാൽ പുതിയ വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി റദ്ദാക്കി കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി ആ‍ർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് വിവിധ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിസി നിയമനങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിറ്റേന്നാണ് മന്ത്രിയുടെ ശുപാര്‍ശക്കത്ത് പുറത്തായത്. പക്ഷപാതപരമായി പെരുമാറില്ലെന്ന സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ് മന്ത്രിയുടെ കത്ത്.

ഇത് ചൂണ്ടിക്കാട്ടി ആർ ബിന്ദുവിനെതിരെ മുൻ പ്രതിപക്ഷ നേതാവ് ഇന്ന് ലോകായുക്തയിൽ പരാതി നൽകാനിരിക്കുകയാണ്. ബിന്ദു രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിവാദത്തെ കുറിച്ച് ബിന്ദു ഇതേവരെ പ്രതികരിച്ചിട്ടില്ല.

സര്‍ക്കാര്‍ – ഗവർണർ പോരിനിടെ സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന കത്ത് പുറത്തുവന്നതോടെ സർക്കാർ വലിയ പ്രതിരോധത്തിലായിരുന്നു. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി, നിയമന നടപടികള്‍ മരവിപ്പിച്ച് ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കണമെന്ന് ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് വലിയ കുരുക്കാകും. മന്ത്രി സ്വജന പക്ഷപാതം കാണിച്ചതിന് വേറെ തെളിവ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. സെര്‍ച്ച് കമ്മിറ്റി നിലവിലുണ്ടായിട്ടും ഗോപിനാഥ് രവീന്ദ്രനാണ് യോഗ്യതയെന്ന് മന്ത്രി എങ്ങനെ കണ്ടെത്തി എന്ന ചോദ്യവും പ്രധാനം.