ഇന്ത്യയുടെ സൗഹൃദ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യില്ല; സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ പ്രതിഷേധം

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യില്ലെന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സൗഹൃദ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുമോ എന്ന ചോദ്യത്തിന് സംപ്രേഷണാവകാശം ഇല്ലാത്തതിനാല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യില്ലെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. ഈ ട്വീറ്റിനെതിരെയാണ് കടുത്ത പ്രതിഷേധം നടക്കുന്നത്.

വേക്കപ്പ് എഐഎഫ്എഫ്, ഷേം ഓണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉള്‍പ്പെടെയാണ് ആരാധകര്‍ പ്രതിഷേധിക്കുന്നത്. ക്രിക്കറ്റിനും ഐപിഎലിനും സ്റ്റാര്‍ സ്‌പോര്‍ട്‌സ് അമിത പ്രാധാന്യമാണ് നല്‍കുന്നതെന്നും ഫുട്‌ബോളിനെ മറന്നുകളയുകയാണെന്നും ആരാധകര്‍ പറയുന്നു. ഒമാനും യുഎഇയ്ക്കുമെതിരെയാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങള്‍. യുഎഇയിലാണ് മത്സരങ്ങള്‍ നടക്കുക. ഇവിടെത്തന്നെ നടന്ന ഐപിഎല്‍ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്തു എന്നും ഫുട്‌ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പറയുന്നു.

അതേസമയം, സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം ദുബായിലെത്തി. കൊവിഡ് ബാധിച്ചതിനാല്‍ ഇതിഹാസ താരം സുനില്‍ ഛേത്രി ടീമിനൊപ്പം ഇല്ല. കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ എഫ്‌സി ഗോവയ്ക്ക് വേണ്ടി സൂപ്പര്‍ സബായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ ഇഷാന്‍ പണ്ഡിറ്റ മുന്നേറ്റത്തില്‍ ബൂട്ടണിയും. മന്‍വീര്‍ സിംഗ് ആണ് മറ്റൊരു സ്‌ട്രൈക്കര്‍.

ബ്ലാസ്റ്റേഴ്‌സ് താരം രാഹുല്‍ കെപി ആദ്യമായി ക്യാമ്പില്‍ ഉള്‍പ്പെട്ടു. രാഹുലിനൊപ്പം മഷൂര്‍ ഷരീഫും ആദ്യമായി ക്യാമ്പില്‍ ഇടം പിടിച്ചു. ആഷിഖ് കുരുണിയന്‍ സ്ഥാനം നിലനിര്‍ത്തി. പരുക്കേറ്റ സഹല്‍ അബ്ദുല്‍ സമദിന് ഇടം ലഭിച്ചില്ല. ഐ എസ് എലില്‍ നോര്‍ത്തീസ്റ്റിനായി മികച്ച പ്രകടനം നടത്തിയ വിപി സുഹൈറിനും ക്യാമ്പിലേക്ക് വിളി വന്നില്ല. ഹൈദരാബാദിന്റെ യുവതാരങ്ങളായ ആകാശ് മിശ്ര, യാസിര്‍ മുഹമ്മദ്, ലിസ്റ്റണ്‍ ഐഎസ്എലില്‍ ആദ്യമായി ഹാട്രിക്ക് നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ മുംബൈ സിറ്റിയുടെ ബിപിന്‍ സിംഗ് എന്നിവരൊക്കെ സ്‌ക്വാഡില്‍ ഉണ്ട്.