രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷയെ അവഹേളിച്ച് എളമരം കരീം; വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

രാജ്യസഭായിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷയെ അവഹേളിച്ച സിപിഎഐം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ബിജെപിയ്ക്കും ആര്‍എസ്എസിനും അനുകൂലമായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊക്കെ രാജ്യസഭാംഗത്വം നല്‍കുകയാണെന്ന് എളമരം കരീം പറഞ്ഞു. ബിജെപിയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച് രാജ്യസഭാ അംഗമാകാനുള്ള യോഗ്യത തനിക്കുണ്ടെന്ന് കുറേക്കാലമായി പിടി ഉഷയും തെളിയിക്കുകയാണെന്നായിരുന്നു എളമരം കരീം പിടി ഉഷയെ വിമര്‍ശിച്ച് കൊണ്ട് പറഞ്ഞു.

അതേസമയം എളമരം കരീമിന്റെ പ്രസ്താവനയില്‍ വിമര്‍ശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തുവന്നു. രാജ്യസഭാ അംഗമായിരിക്കാന്‍ എളമരം കരീമിനെക്കാള്‍ യോഗ്യത പിടി ഉഷയ്ക്കുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. അട്ടയെപ്പോലെ ചോര കുടിച്ച് തൊഴിലാളി വര്‍ഗ്ഗത്തെ വിമര്‍ശിച്ച ചരിത്രമല്ല പിടി ഉഷയ്ക്കുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

പിടി ഉഷ, ഇന്ത്യ എന്ന് മാത്രം മേല്‍വിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടില്‍ കൃത്യമായി എത്തുമായിരുന്നു. എളമരം കരീം, ഇന്ത്യ എന്ന മേല്‍ വിലാസത്തില്‍ കത്ത് വന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍ കൊടുക്കണോ സിപിഐഎം ഓഫീസില്‍ കൊടുക്കണോ അതോ എന്‍ഐഎക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാമെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു.

ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകള്‍ കൊണ്ട് വന്ന ചരിത്രമാണ് പിടി ഉഷയ്ക്കുള്ളത്. സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാര്‍ട്ടി ചീട്ടില്‍ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.