നാല് കോടിയോളം രൂപ; പബ് ജി മദന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ പോലീസ്

ചെന്നൈ: പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളെ അവഹേളിച്ചതിന് അറസ്റ്റിലായ യൂട്യൂബര്‍ പബ്ജി മദന്‍ എന്ന മദന്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ പോലീസ്.മദന്റെയും ഭാര്യ കൃതികയുടെയും പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

ദമ്ബതികളുടെ അക്കൗണ്ടുകളില്‍ ഏകദേശം നാല് കോടിയോളം രൂപ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അതിനിടെ, നിലവിലെ കേസുമായി ബന്ധപ്പെട്ട് റോഡ് കോണ്‍ട്രാക്ടറായിരുന്ന മദന്റെ പിതാവ് മാണിക്യത്തെ പോലീസ് ചോദ്യംചെയ്യുന്നതായും സൂചനയുണ്ട് .

ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീല പദപ്രയോഗം നടത്തിയതിന് കഴിഞ്ഞദിവസമാണ് പബ്ജി മദനെ പോലീസ് അറസ്റ്റ് ചെയ്തത്. അതെ സമയം കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍പോയ ഇയാളെ ധര്‍മപുരിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ മദന്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളുകയും ചെയ്തു. കേസില്‍ യൂട്യൂബ് ചാനലിന്റെയും വിവിധ ഗ്രൂപ്പുകളുടെയും അഡ്മിനായ മദന്റെ ഭാര്യ കൃത്രികയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സേലം സ്വദേശിയായ മദന്‍ 2019-ലാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. എന്‍ജിനീയറിങ് ബിരുദധാരിയായ ഇയാള്‍ അതിന് മുമ്ബ് ആമ്ബത്തൂരില്‍ പിതാവിനൊപ്പം ഭക്ഷണശാല നടത്തിയിരുന്നു. എന്നാല്‍ ഈ സ്ഥാപനം വലിയ നഷ്ടത്തില്‍ കലാശിച്ചു. ഇതിനിടെ, സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കൃത്രികയുമായി മദന്‍ പ്രണയത്തിലായി,തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ദമ്ബതിമാര്‍ക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.

ഹോട്ടല്‍ ബിസിനസ് തകര്‍ന്നതിന് ശേഷമാണ് മദന്‍ യൂട്യൂബ് ചാനലിലേക്ക് തിരിഞ്ഞത് . എങ്ങനെ തന്ത്രപൂര്‍വം പബ്ജി കളിക്കാമെന്നതും ഗെയിമിന്റെ ലൈവും ‘ടോക്സിക് മദന്‍ 18+ ‘എന്ന ചാനലില്‍ പോസ്റ്റ് ചെയ്തു. പിന്നീട് പബ്ജി മദന്‍ ഗേള്‍ ഫാന്‍ എന്ന പേരിലും റിച്ചി ഗെയിമിങ് എന്ന പേരിലും യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചു. ഇതില്‍ പലതും അസഭ്യമായ ഉള്ളടക്കങ്ങള്‍ നിറഞ്ഞ വീഡിയോകളായിരുന്നു. എന്നാല്‍ ഈ വീഡിയോകളിലൂടെ മറുവശത്ത് മദന് വലിയൊരു ആരാധകവൃന്ദo ഉണ്ടായി . യൂട്യൂബ് ചാനലിന് പ്രശസ്തി നേടാനായി ഭാര്യയോടൊപ്പം ചേര്‍ന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചാനലുകളുടെയെല്ലാം അഡ്മിന്‍ കൃത്രികയാണെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത് . പിന്നീട് കേന്ദ്രo പബ്ജി നിരോധിച്ചതോടെ വി.പി.എന്‍. ഉപയോഗിച്ചായിരുന്നു മദന്‍ ഗെയിമിങ് തുടര്‍ന്നത്.

ആഡംബര ജീവിതം നയിച്ചിരുന്ന ദമ്ബതിമാര്‍ക്ക് യൂട്യൂബ് ചാനലുകളില്‍നിന്ന് ഉയര്‍ന്ന വരുമാനം ലഭിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിമാസം പത്ത് ലക്ഷം രൂപ വരെ ഇവര്‍ക്ക് ലഭിച്ചിരുന്നതായും പോലീസ് പറയുന്നു . റെയ്‌ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കമ്ബ്യൂട്ടറും പോലീസ് പിടിച്ചെടുത്തു. കൂടാതെ മദന്റെ ബി.എം.ഡബ്ല്യൂ, ഔഡി ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട് .