പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ, പിന്നിൽ മാനസിക സമ്മർദ്ദവും അവഗണനയും, ശബ്ദരേഖ കണ്ടെത്തി

കൊല്ലം : പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ തൂങ്ങി മരിച്ച സംഭവത്തിൽ യുവതിയുടെ ശബ്ദരേഖ പുറത്ത്. യുവതി മേലുദ്യോഗസ്ഥന്റെയും സഹപ്രവർത്തകരുടെയും മാനസിക പീഡനം സഹിക്കാൻ ആകാതെ ജീവനൊടുക്കുകയായിരുന്നു.  കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ പരസ്യമാക്കി തന്നെ അപമാനിക്കുകയാണെന്നും ജോലി ചെയ്യാത്തവർക്ക് പോലും പ്രോത്സാഹനമാണ് മേലുദ്യോഗസ്ഥൻ നൽകുന്നതെന്നും ശബ്ദരേഖയിൽ പറയുന്നു.

മരിക്കുന്നതിന് മുൻപ് അനീഷ്യ സുഹൃത്തുകൾക്ക് അയച്ച വാട്‌സ്ആപ്പ് ഓഡിയോ ആണ് ഇപ്പോൾ പുറത്തു വന്നത്. ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും മാനസികമായി വളരെയധികം പിരിമുറുക്കമുണ്ടെന്നും ഓഡിയോയിൽ ഉണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് അനീഷ്യയെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോലി സമ്മർദ്ദം അനീഷ്യയെ വളരെയധികം ബാധിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. കഴിഞ്ഞ 9 വർഷമായി പരവൂർ കോടതിയിൽ എപിപിയായി ജോലി ചെയ്തു വരികയായിരുന്നു അനീഷ്യ. മറിക്കുംമുമ്പ് അനീഷ സമൂഹമാദ്ധ്യമങ്ങളിൽ വിടവാങ്ങൽ കുറിപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു.