മാങ്ങാ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പിവി ഷിഹാബിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു

ഇടുക്കി. മാങ്ങ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സിപിഒ വി ഷിഹാബിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒയായിരുന്നു ഷിഹാബ്. ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. മാങ്ങാ മോഷണത്തിന് പുറമെ മറ്റ് രണ്ടു കേസുകളില്‍ കൂടി ഷിഹാബ് പ്രതിയായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച കേസില്‍ ഇയാള്‍ പ്രതിയായത്.

പിരിച്ചുവിടാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഷിഹാബിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. 600 കിലോ വരുന്ന 10 കിലോ മാമ്പഴമാണ് ഷിഹാബ് മോഷ്ടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മോഷണത്തിന് പോലീസ് കേസെടുത്തെങ്കിലും പഴക്കച്ചവടക്കാരന്‍ കേസില്ലന്ന് പറഞ്ഞതോടെ കോടതി കേസ് റദ്ദാക്കുകയായിരുന്നു.

ഷിഹാബ് പോലീസില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വീടുകയറി ആക്രമിച്ച കേസിലെ പ്രതിയാണ്. 2019ല്‍ പാക്കാനം സ്വദേശിനി മുണ്ടക്കയം പോലീസിന് നല്‍കിയ പരാതിയില്‍ ഷിഹാബ് അറസ്റ്റിലായിരുന്നു. പീഡനക്കേസില്‍ ഇയാള്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്. സ്ത്രീകളെ ശല്യം ചെയ്ത കേസിലും ഷിഹാബ് പ്രതിയാണ്.