ബിജെപിയുടെ എ പ്ലസ് മണ്ഡലമായി ചെങ്ങന്നൂര്‍ കീഴടക്കാന്‍ മോദിയുടെ സുഹൃത്ത്

കൊച്ചി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തീപാറുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കോണ്‍ഗ്രസും ഇടതുപക്ഷവും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് പേര്‍ക്കും ഭീഷണിയായി ബിജെപിയും മത്സരരംഗത്തുണ്ടാകും. കേരളത്തിലെ എ പ്‌ളസ് മണ്ഡലമായ ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ഥിരീകരണവുമായി ആര്‍ ബാലശങ്കര്‍ രംഗത്തെത്തി. ഉറ്റ സുഹൃത്തിനെ കേരളത്തില്‍ മത്സരിപ്പിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരിക്കുന്നെങ്കില്‍ ചെങ്ങന്നൂരില്‍ തന്നെ മത്സരിക്കുമെന്നാണ് ബാലശങ്കറിന്റെ പ്രതികരണം. മറ്റ് മണ്ഡലങ്ങളിലെവിടെയും മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ഇപ്പോഴും പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നേതാക്കന്മാര്‍ എന്താണ് ആഗ്രഹിക്കുന്നത് അത് നടത്തും. ചെങ്ങന്നൂരുകാരനായതിനാല്‍ അവിടെ മത്സരിക്കും. ചെങ്ങന്നൂരുമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ സജീവമാകാനോ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരാനോ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബാലശങ്കര്‍ വ്യക്തമാക്കി.

മുപ്പത് വര്‍ഷം മുമ്പ് പത്രപ്രവര്‍ത്തകനായാണ് ബാലശങ്കര്‍ ഡല്‍ഹിയിലെത്തിയത്. ദേശീയ നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ബാലശങ്കര്‍ പാര്‍ട്ടിയുടെ ബൗദ്ധിക വിഭാഗത്തിന്റെ തലവനാണ്. ബാലശങ്കര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന താത്പര്യം മോദി ഉള്‍പ്പടെ ദേശീയ നേതൃത്വം അറിയിച്ചതിനെ തുടര്‍ന്നാണ് ജന്മനാട്ടിലേക്ക് വരുന്നത്.

അടിയന്തരാവസ്ഥക്കാലത്തെ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പുസ്തകമെഴുതാന്‍ ആര്‍ എസ് എസ് ചുമതലപ്പെടുത്തിയത് ഗുജറാത്തില്‍ പ്രചാരകനായിരുന്ന നരേന്ദ്ര മോദിയെയും ബാലശങ്കറിനെയുമാണ്. ബാലശങ്കര്‍ എഴുതിയ ‘നരേന്ദ്ര മോദി, ക്രിയേറ്റീവ് ഡിസ്‌റപ്റ്റര്‍’ എന്ന പുസ്തകം എട്ട് ഭാഷകളിലാണ് ബി ജെ പി പുറത്തിറക്കിയത്. ആര്‍ എസ് എസ് മുഖപത്രമായ ദി ഓര്‍ഗനൈസറിന്റെ എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 38,666 വോട്ട് ലഭിച്ചിരുന്നു. ആയതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് ബി ജെ പി ചെങ്ങന്നൂരിനെ ഉറ്റുനോക്കുന്നത്.