രമേശ് ചെന്നിത്തലയ്ക്ക് സ്ഥാനം ലഭിക്കാത്തതിന്റെ ഇച്ഛാഭംഗം,കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കും; മന്ത്രി ആര്‍. ബിന്ദു

ലോകായുക്ത ഉത്തരവിൽ തനിക്കെതിരെ വന്നത് ആരോപണ പരമ്പരകളെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ പരമ്പര തീർത്തു. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിന് ചേർന്നതല്ല. വലിയ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോൾ സ്ഥാനം ലഭിക്കാത്തതിന്റെ ഇച്ഛാഭംഗമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുനന്ത് രമേശ് ചെന്നിത്തലയ്ക്ക് ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു.

വി ഡി സതീശൻ സഹകരണ മനോഭാവം കാണിച്ചതിന് നന്ദിയുണ്ട്. ഗവർണർ പണ്ഡിതനെന്നും എതിരിടാനില്ലെന്നും മന്ത്രി ഡോ ആർ ബിന്ദു പ്രതികരിച്ചു. കണ്ണൂര്‍ വിസി നിയമനത്തില്‍ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത തള്ളിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രി ആര്‍.ബിന്ദു തെറ്റ് ചെയ്തിട്ടില്ലെന്ന് ലോകായുക്ത അറിയിച്ചു. സര്‍വകലാശാലയ്ക്ക് അന്യയല്ല ആര്‍.ബിന്ദുവെന്നും ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ റഷീദും ലോകായുക്ത വിധിയില്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ക്ക് ഒരു പ്രപ്പോസല്‍ മാത്രമാണ് മന്ത്രി നല്‍കിയത്. അതുവേണമെങ്കില്‍ തള്ളാനോ കൊള്ളാനോവുളള സ്വതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. എന്തുകൊണ്ട് ഗവര്‍ണര്‍ അത് തള്ളിയില്ലെന്നും കോടതി ചോദിച്ചു. അഞ്ചു മിനിട്ടുമാത്രം തുടര്‍വാദം കേട്ടശേഷമാണ് ലോകായുക്ത കേസില്‍ വിധി പറഞ്ഞത്.

കഴിഞ്ഞ സിറ്റിങ്ങിലും കേസ് കേള്‍ക്കുമ്പോള്‍ മന്ത്രിക്ക് അനുകൂല നിലപാടായിരുന്നു ലോകായുക്ത സ്വീകരിച്ചത്. ചാന്‍സലര്‍, പ്രോ ചാലന്‍സലര്‍ എന്നിവര്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന് ലോകായുക്ത അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയുടെ കത്തില്‍ ഒരിടത്തും റെക്കമെന്റ് എന്നില്ല. പ്രപ്പോസ് എന്ന വാക്കാണുള്ളതെന്നും ലോകായുക്ത പറഞ്ഞിരുന്നു. മന്ത്രി എന്ന നിലയില്‍ ആര്‍.ബിന്ദു സ്വചനപക്ഷപാതം കാണിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളിയത്. സര്‍ക്കാരിനെ സംബന്ധിച്ച് ആശ്വാസകരമായ വിധിയാണ് ലോകായുക്തയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.