കമ്പനി എംഡിയെന്ന പേരില്‍ തട്ടിപ്പ് നടത്തുന്ന റാഹില്‍ പോലീസ് പിടിയില്‍

തൃശ്ശൂര്‍. പ്രശസ്ത ജൂവലറികളിലേക്ക് ഫോണില്‍ വിളിച്ച് വലിയ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തി സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുക്കുന്നയാള്‍ അറസ്റ്റിലായി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ (28) ആണ് തൃശ്ശൂര്‍ സിറ്റി കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പോലീസിന്റെ പിടിയിലായത്.

തൊഴിലാളികള്‍ക്ക് നല്‍കാന്‍ സ്വര്‍ണനാണയങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് പിന്നീട് ജൂവലറികളിലെത്തുന്ന ഇയാള്‍ കമ്പനിയുടെ ജീവനക്കാര്‍ക്ക് സമ്മാനം നല്‍കാന്‍ ഒരു പവന്റെ നാണയങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. തുടര്‍ന്ന് സമീപത്തെ സ്റ്റാര്‍ ഹോട്ടലിലേക്ക് എത്തിക്കാനും പറയും. ഹോട്ടലിലെത്തുന്ന ജൂവലറി ജീവനക്കാരെ കബളിപ്പിച്ച് നാണയങ്ങള്‍ തട്ടിയെടുത്തു മുങ്ങുകയാണ് രീതി.

മറ്റൊരു തട്ടിപ്പിന് പദ്ധതി തയ്യാറാക്കവേ കോഴിക്കോട് ആഡംബര ഹോട്ടലില്‍നിന്നാണ് പ്രതി പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണിയാളെന്ന് പോലീസ് പറയുന്നു. നവംബര്‍ ഏഴിന് തൃശ്ശൂര്‍ നഗരത്തിലെ ജൂവലറിയിലേക്ക് വിളിച്ച് റാഹില്‍ ഒരു പവന്റെ ഏഴ് നാണയങ്ങള്‍ ഓര്‍ഡര്‍ചെയ്ത് തട്ടിപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് ജൂവലറി ജീവനക്കാര്‍ തൃശ്ശൂര്‍ ഈസ്റ്റ് പേലീസില്‍ പരാതി നല്‍കി.

2019-ല്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പുകേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്ന റാഹില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ജയില്‍മോചിതനായത്. തുടര്‍ന്നാണ് സ്വര്‍ണനാണയങ്ങളും വിലപിടിച്ച മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുന്ന പുതിയ രീതിയുമായി ഇറങ്ങിയത്.

നവംബര്‍ രണ്ടിന് എറണാകുളം വൈറ്റിലയിലുള്ള മൊബൈല്‍ഷോപ്പില്‍ നിന്ന് സമാനമായ രീതിയില്‍ പത്തുലക്ഷം രൂപയുടെ ഐഫോണുകള്‍, വാച്ച് എന്നിവ തട്ടിയെടുത്തതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10-ന് കോഴിക്കോട് ഹോട്ടലില്‍ താമസിച്ച് അരലക്ഷം രൂപയും വിലകൂടിയ മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസുമുണ്ട്.