സജിതയെ മതം മാറ്റിയിട്ടില്ല, ഉദ്ദേശവുമില്ല, അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ; റഹ്‌മാന്‍ പറയുന്നു

പാലക്കാട്: ഒറ്റമുറിക്കുള്ളില്‍ യുവതിയെ പത്തുവര്‍ഷത്തോളം ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തില്‍ സജിതയുടെ ഭര്‍ത്താവ് റഹ്മാന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്.

സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്നും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നുമാണ് ഭര്‍ത്താവ് റഹ്‌മാന്‍ പറയുന്നത്. തനിക്ക് മതം മാറ്റാന്‍ താത്പര്യമില്ല, ഇതുവരെ അതിന് ശ്രമിച്ചിട്ടുമില്ല. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണ്. മതം നോക്കിയിട്ടല്ല തങ്ങള്‍ സ്‌നേഹിച്ചതെന്നും റഹ്‌മാന്‍ വ്യക്തമാക്കി.

മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് വീട്ടില്‍ നിന്നും കാണാതായ റഹ്‌മാനെ സഹോദരന്‍ അവിചാരിതമായി കണ്ടുമുട്ടുന്നതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥ പുറം ലോകം അറിയുന്നത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്ബത്യം ആരംഭിച്ചത്.

ഇവരുടെ പ്രണയകഥ പുറത്തുവന്നതോടെ റഹ്‌മാന്‍ സജിതയെ മതം മാറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങളും ശക്തമായിരുന്നു. ഈ ആരോപണമാണ് റഹ്മാന്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്.