പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങുന്നതായി സൂചന

പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി മോദി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. മന്ത്രാലയത്തിന്റെ പ്രകടനവും അടുത്തഘട്ടത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ മോദിയും മന്ത്രിമാരും ചര്‍ച്ച നടത്തും. നിരവധി മന്ത്രാലയങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങള്‍ ലഘൂകരിക്കാനും പ്രധാനമന്ത്രി ആലോചിക്കുന്നുണ്ട്. കൂടിക്കാഴ്ചകള്‍ ഇന്നു മുതല്‍ ആരംഭിക്കും.

2019-ല്‍ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ്, പ്രതിപക്ഷ ആക്രണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖംമിനുക്കല്‍ അനിവാര്യമെന്ന ചിന്ത, കോവിഡ് ആഘാതത്തില്‍ തളര്‍ന്ന വിവിധ മേഖലകള്‍ക്ക് പുനരുജ്ജീവനം നല്‍കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ ഘടകങ്ങളാണ് പുനഃസംഘടനയിലേക്ക് നയിച്ചിരിക്കുന്നത്.

കേരളത്തില്‍നിന്ന് പുതിയ അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ എത്താനിടയുണ്ടെന്നാണ് വിവരം. കൊടകര കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിരോധത്തിലായ കേരള ബി.ജെ.പിക്ക് ഇത് ആശ്വാസമായേക്കും. ഉത്തര്‍ പ്രദേശ് മന്ത്രിസഭയിലും 2022-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടി ഘടനയിലും മാറ്റങ്ങള്‍ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ വാര്‍ത്തയും എത്തുന്നത്.

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് മോദിയുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ മോദിയുമായും ഉച്ചയ്ക്കു ശേഷം നഡ്ഡയുമായാണ് യോഗിയുടെ കൂടിക്കാഴ്ച. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദയുടെ കാര്യത്തിലും കൂടിക്കാഴ്ചയില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.