നാഷണല്‍ ഹെറാള്‍ഡ്‌ : ചോദ്യംചെയ്യല്‍ തുടരുന്നു; രാഹുലിനെ അറസ്‌റ്റ്‌ ചെയ്‌തേക്കുമെന്ന്‌ സൂചന

ന്യൂഡല്‍ഹി; നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചയ്യുന്നത് തുടരുകയാണ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ഉത്തരങ്ങളില്‍ വ്യക്തയില്ലെന്നും രാഹുലിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പത്തുമണിക്കൂറാണ് ചോദ്യം ചെയ്തത്. തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനാല്‍ ഇന്ന് വീണ്ടും ചൊദ്യംചെയ്യുകയാണെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്. ഇഡി അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃ്ത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയടക്കം പൊലീസ് ബലമായി അറസ്റ്റ് ചെയ്തുനീക്കി. കോണ്‍ഗ്രസ് നേതൃത്വത്തെ കേന്ദ്ര എജന്‍സികള്‍ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് (എജെഎല്‍) കമ്ബനിയെ സോണിയയും രാഹുലും പ്രധാനഓഹരിഉടമകളായ യങ് ഇന്ത്യന്‍ ലിമിറ്റഡ് (വൈഐഎല്‍) കമ്ബനി 2010ല്‍ 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തതിലാണ് അന്വേഷണം. 2000 കോടിയുടെ ആസ്തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് ഏറ്റെടുത്തത്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമിയാണ് 2013ല്‍ പരാതി നല്‍കിയത്. മുടങ്ങിപ്പോയ നാഷണല്‍ ഹെറാള്‍ഡ് പത്രം പുനരാരംഭിക്കുന്നതിന് കോണ്‍ഗ്രസ് 90 കോടിയുടെ പലിശരഹിത വായ്പ എജെഎല്ലിന് അനുവദിച്ചത് നിയമവിരുദ്ധമാണെന്നുമാണ് പരാതി.