കോൺ​ഗ്രസ് പ്രവർത്തകർ തെരുവിൽ; വിവിധ ജില്ലകളിൽ സംഘർഷാവസ്ഥ

വിവിധ ജില്ലകളിൽ സംഘർഷാവസ്ഥ തുടരുന്നു. വയനാട്ടിൽ രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്എഫ്ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം ശക്തമാകുന്നു. വയനാട്, പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ന്യൂഡൽഹിയിലും പ്രതിഷേധം ശക്തമാകുന്നു.

പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്‌ളെക്‌സുകള്‍ കീറിനശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. തിരുവനന്തപുരത്ത് എകെജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു. എകെജി സെന്‍ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. ജലപീരങ്കിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഡൽ​ഹി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസാണ് മാർച്ച് നടത്തുന്നത്. എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു.

പാലക്കാട്‌ നഗരത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. തൃശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവ‍ർത്തകർ നഗരത്തിൽ തുടരുന്നുണ്ട്.