അസാനി ചുഴലിക്കാറ്റ്; കേരളത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും മഴയ്ക്ക് സാധ്യത.ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. .പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ആന്ധ്ര തമിഴ്നാട് തീരത്ത് അസാനിയുടെ ഫലമായി കനത്ത കാറ്റും മഴയും ഉണ്ടായി. ചെന്നൈയിലേക്കും വിശാഖ പട്ടണത്തിലേക്കും ഉള്ള ചില വിമാനങ്ങൾ റദ്ദാക്കി. അടുത്ത 24 മണിക്കൂറിൽ അസാനി ദുർബലമായി വലിയ നാശമുണ്ടാക്കാതെ അവസാനിക്കും എന്നാണു നിഗമനം.