റജിലാലിന്റെ മരണ വിവരം വീട്ടുകാരെ അറിയിക്കാതെ നെഞ്ച് നീറി അച്ഛന്‍, കാത്തിരിക്കുന്നത് വിദേശത്തുള്ള സഹോദരന്റെ വരവിനായി

കടിയങ്ങാട് : കഴിഞ്ഞ ദിവസം ഫോട്ടോ എടുക്കുന്നതിനിടെ കുറ്റ്യാടി പുഴയില്‍ വീണ് മുങ്ങി മരിച്ച നവവരന്‍ റജിലാലിന്റെ വിയോഗം ഇതുവരെ വീട്ടില്‍ അറിയിച്ചിട്ടില്ല. റജിലാല്‍ ഇനി മടങ്ങി വരില്ലെന്ന സത്യം അദ്ദേഹത്തിന്റെ അച്ഛനും സഹോദരനും സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഭാര്യയുടെ അച്ഛനും മാത്രാമാണ് ഇപ്പോള്‍ അറിയാവുന്നത്. ഉറ്റവരുടെ മുന്നില്‍ ഈ സത്യം തുറന്ന് പറയാനാകാതെ നെഞ്ച് പൊട്ടിയാണ് ഇവര്‍ കഴിയുന്നത്.

റജിലാലിന്റെ വിയോഗവാര്‍ത്ത വീട്ടുകാര്‍ എങ്ങനെ ധരിപ്പിക്കുമെന്ന ആശങ്കയിലാണ് ഏവരും. വീട്ടില്‍ മരണ വിവരം അറിയിക്കാത്തതിനാല്‍ തന്നെ പതിവായി വീട്ടില്‍ ഇടുന്ന പത്രം ഇന്ന് നാട്ടുകാര്‍ ഇടപെട്ട് വീട്ടില്‍ ഇടീപ്പിച്ചിട്ടില്ല. വീടിന്റെ പരിസരത്തേക്ക് നാട്ടുകാര്‍ പോവുകയോ കൂട്ടം കൂടുകയോ ചെയ്യുന്നില്ല. വീട്ടുകാര്‍ക്ക് സംശയം ജനിപ്പിക്കാതിരിക്കാനാണ് ഏവരും മാറി നില്‍ക്കുന്നത്. മരണവിവരമറിഞ്ഞ് എത്തുന്നവരെ നാട്ടുകാര്‍ തന്നെ വീട്ടില്‍ നിന്നുമകലെ മാറിനിന്ന് തടഞ്ഞ ശേഷം കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയാണിപ്പോള്‍.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതശരീരം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റജിലാലിന്റെ സഹോദരന്‍ റദുലാല്‍ ഗള്‍ഫിലാണ്. രാത്രി 8 മണിയോടെ റദുലാല്‍ വീട്ടില്‍ എത്തിയ ശേഷം രാത്രി തന്നെ സംസ്‌ക്കാരം നടക്കും.

കഴിഞ്ഞ ദിവസം സെല്‍ഫി എടുക്കുന്നതിനിടെ ഭാര്യ കനിക കാല്‍വഴുതി പുഴയിലേക്ക് വീണപ്പോള്‍ രക്ഷിക്കാന്‍ എടുത്ത് ചാടിയതാണ് റജിലാല്‍. കുട്ടിയാടിയിലെ ജാനകി പുഴയില്‍ ആയിരുന്നു അപകടം നടന്നത്. പുഴയില്‍ വീണ് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് റജിലാലിന്റെ മൃതദ്ദേഹം കണ്ടെത്തിയത്. ഭാര്യ കനിക ആശുപത്രിയില്‍ ചികിത്സയിലാണ്. കനികയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വീട്ടുകാരെ പോലെത്തന്നെ കനിക്കും റജിലാലിന്റെ മരണവാര്‍ത്ത അറിയില്ല. കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു ഇരുവരുടെയും വിവാഹം.