എന്നെ തല്ലിയവർ തൊഴിലാളികളേ കൊല്ലും,പോലീസിന്റെ മുന്നിലിട്ടാണ്‌ ആക്രമിച്ചത്

കോട്ടയത്ത് ഹൈക്കോടതി വിധിയുമായി തന്റെ ബസ് എടുക്കാൻ ശ്രമിച്ച ബസ് ഉടമയേ മർദ്ദിച്ച സി പി എം ജില്ലാ കമ്മിറ്റിയംഗവുമായ അജയ് പൊലീസ് കസ്റ്റഡിയിൽ.കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിനു മുന്നിലും ബസിന്റെ ബോഡിയിലുമായി സി ഐ ടി യു ക്കാർ കെട്ടിയ കൊടിയും ചുവപ്പ് തോരണവും മാറ്റുന്നതിനിടയിലാണ്‌ ഉടമ രാജ്മോഹനെ ആക്രമിച്ചത്. അടിയേറ്റ് ബസ് ഉടമ നിലത്ത് വീണിരുന്നു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും 2 ദിവസമായി പോലീസ് ഒരു സഹായവും ബസ് ഉടമയ്ക്ക് ചെയ്ത് നല്കിയില്ല.

ബസ് ഉടമയേ തല്ലിയ സി പി എം ജില്ലാ കമ്മിറ്റിയംഗവുമായ അജയ് കൊടിയിൽ തൊട്ട നിന്നെ ബാക്കി വയ്ക്കില്ലെന്ന് ആക്രോശിച്ചു. കൊടിയിൽ തൊട്ട നിന്നെ വീട്ടിൽ കയറും എന്നും പരസ്യമായി വിളിച്ച് പറഞ്ഞു. എസ്.ഐ ഇടപെട്റ്റപ്പോൾ എന്ത് എസ് ഐ വന്നു എന്ന് ചോദിച്ച് പോലീസിനോടും തട്ടികയറുകയായിരുന്നു.

തുടർന്ന് കുമരകം പൊലീസ് സ്റ്റേഷന് മുന്നിലിരുന്ന് ബസ് ഉടമ രാജ്‌മോഹൻ പ്രതിഷേധം ആരംഭിച്ചതോടെയാണ് അജയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കർഷകർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് സി പി എമ്മിന്റെ നോട്ടപുള്ളിയാകാൻ കാരണമെന്ന് രാജ്‌മോഹൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബസ് സർവീസ് നടത്താൻ ജീവനക്കാർ ആരും വന്നില്ല. തന്നെ തല്ലാൻ ശ്രമിച്ചവർ ജീവനക്കാരെ കൊല്ലാൻ ശ്രമിക്കും. ജീവനക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണം. പൊലീസുകാരോട് ചോദിച്ചതിനുശേഷമാണ് കൊടി അഴിക്കാൻ നോക്കിയത്. പൊലീസുകാർ നോക്കി നിൽക്കെയാണ് തന്നെ ആക്രമിച്ചത്.

ഇത് കോടതിയലക്ഷ്യമാണ്. അതിനാൽ നിയമപരമായി തന്നെ മുന്നോട്ടുപോകും. നാളെതന്നെ കോടതിയലക്ഷ്യ ഹർജി നൽകും. കോടതി ഞങ്ങൾക്ക് പുല്ലാണെന്നാണ് അവർ പറഞ്ഞത്.കോടതി ഉത്തരവുമായി ചെന്നപ്പോൾ ഉത്തരവ് കോപ്പാണ്‌ എന്നും കീറി കളയും എന്നും നേതാക്കൾ പരസ്യമായി പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.ഹൈക്കോടതിയിൽ കോടതി അലക്ഷ്യം സി.പി.എം നേതാക്കൾക്ക് എതിരേ മാത്രമല്ല പോലീസിനും വിനയാകും. പോലീസ് കോടതി വിധി നടപ്പാക്കാൻ സഹായിക്കാത്തതും പ്രതികൾക്ക് ഒപ്പം ചേർന്ന് പരാതിക്കാരനെതിരേ യുള്ളതുമായ വീഡിയോകൾ പുറത്ത് വരികയും ചെയ്തിരുന്നു. ഇതും ഹൈക്കോടതിയിൽ ഹാജരാക്കും എന്ന് ബസ് ഉടമ അറിയിച്ചു.