രജൗറി ഏറ്റുമുട്ടൽ, 3 സൈനികർക്ക് കൂടി വീരമൃത്യു, മരണം അഞ്ചായി

ശ്രീനഗര്‍ . ജമ്മു കശ്മീരിലെ രജൗറിയില്‍ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. പരിക്കേറ്റ് ചികിത്സയിലിരുന്ന മൂന്നു സൈനികർ കൂടി മരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. പൂഞ്ച് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ പിടികൂടാനുളള സംയുക്ത ഓപ്പറേഷന്‍ മേഖലയില്‍ തുടരുകയാണ്. ഇതിനിടെയാണ് സൈനികരുടെ മരണവിവരം പുറത്തു വന്നിരിക്കുന്നത്. രജൗറിയിലെ കന്തി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

വനത്തിനകത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ സൈന്യത്തിന് നേര്‍ക്ക് എറിഞ്ഞു. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടു സൈനികര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരെ ഉദ്ദംപൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ഉണ്ടായി. പരിക്കേറ്റ ഒരു സൈനികൻ ചികിത്സയിലാണ്.

കഴിഞ്ഞ മാസം പൂഞ്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സ്റ്റിക്കി ബോംബുകളും സ്റ്റീല്‍ ബുള്ളറ്റുകളുമായിരുന്നു ഭീകരര്‍ അന്ന് ഉപയോഗിച്ചിരുന്നത്. ഭീകരരെ പിടികൂടാന്‍ ഡ്രോണുകള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍, നായ്ക്കള്‍ എന്നിവയുടെ പിന്തുണയോടെയാണ് സൈന്യം തിരച്ചില്‍ നടത്തിയത്. പൂഞ്ച്, രജൗരി ജില്ലകളിലെ 12 മേഖലകളിലേക്ക് തിരച്ചില്‍ വ്യാപിച്ചിരിക്കുകയാണ്.

രാവിലെ 7:30 ഓടെയാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്. രജൗരിയിലെ കാണ്ടി വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. ടോട്ട ഗലി മേഖലയില്‍ സൈനിക ട്രക്കിന് നേരെ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാനായിരുന്നു ഈ തിരച്ചിലെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ സ്ഫോടകവസ്തു പ്രയോഗിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, പരിക്കേറ്റ മൂന്ന് സൈനികര്‍ മരിച്ചു. ഇതോടെ മരണസംഖ്യ അഞ്ചായി ഉയർന്നു. ചെങ്കുത്തായ പാറക്കെട്ടുകളും മരങ്ങളും നിറഞ്ഞ ഇടതൂര്‍ന്ന പ്രദേശത്താണ് ഒരു കൂട്ടം ഭീകരര്‍ കുടുങ്ങിയിരിക്കുന്നത്. ഓപ്പറേഷന്‍ ഇപ്പോഴും പുരോഗമിക്കുന്നു.

വ്യാഴാഴ്ച ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു . എകെ 47 റൈഫിളും ഒരു പിസ്റ്റളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പു കളും ഇവരില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചിരുന്നു. കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ പ്രദേശവാസികളാണെന്നും നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയില്‍ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു. ഷോപിയാന്‍ ജില്ലയില്‍ നിന്നുള്ള ഷാക്കിര്‍ മജീദ് നജര്‍, ഹനാന്‍ അഹമ്മദ് സെഹ് എന്നിവരാണ് കൊല്ലപ്പെട്ടത്. ‘ഇരുവരും നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയിലെ തീവ്രവാദികളായിരുന്നു.

ഷോപിയാന്‍ ജില്ലയില്‍ നിന്നുള്ള ഷാക്കിര്‍ മജിദ് നജര്‍, ഹനാന്‍ അഹമ്മദ് സെഹ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഇരുവരും 2023 മാര്‍ച്ചില്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ചേര്‍ന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.’ പോലീസ് പറഞ്ഞു. ബുധനാഴ്ച്ച, കുപ്വാരയിലെ പിച്നാഡ് മച്ചില്‍ സെക്ടറിന് സമീപം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ജമ്മു കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും പരാജയപ്പെടുത്തിയിരുന്നു. ഇതില്‍ രണ്ട് ഭീകരര്‍ ആണ് കൊല്ലപ്പെട്ടത്. രജൗറിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ജമ്മു കശ്മീർ ഡിജിപിയും എഡിജിപിയും കന്തി വനമേഖലയിലേക്ക് തിരിച്ചു.