എനിക്ക് മാസം കിട്ടുന്നത് 5 ലക്ഷം രൂപ; അതിൽ 2.75 ലക്ഷം നികുതി അടയ്ക്കുന്നുണ്ട്-രാഷ്ട്രപതി

ന്യൂഡല്‍ഹി : ഏറ്റവും കൂടുതല്‍ ശമ്ബളം ലഭിക്കുന്നത് തനിക്കാണെങ്കിലും അതില്‍ പകുതിയിലേറെ താന്‍ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ടെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഉത്തര്‍ പ്രദേശില്‍ നടന്ന ജന്‍ അഭിനന്ദന്‍ സമാരോഹില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ശമ്ബള വിവാദത്തെ കുറിച്ച്‌ അദ്ദേഹം പറഞ്ഞത്.

അഞ്ച് ലക്ഷം രൂപ വരുമാനമുണ്ടെങ്കിലും അതില്‍ 275000 രൂപ നികുതിയായി താന്‍ തിരിച്ചടയ്ക്കുന്നുണ്ടെന്നാണ് രാഷ്ട്രപതി പറഞ്ഞത്. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരായ സന്ദേശത്തിനൊപ്പമായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം. മറ്റ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിലപ്പോള്‍ തങ്ങളേക്കാള്‍ അധികം സമ്ബാദ്യമുണ്ടാകുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു പ്രഫസറോ ടീച്ചറോ ഇതിലധികം രൂപ മാറ്റിവെയ്ക്കുന്നുണ്ടാകുമെന്നും രാഷ്ട്രപതി ഉയര്‍ന്ന വരുമാനം വാങ്ങുന്നുവെന്ന കുറ്റപ്പെടുത്തലിന് മറുപടിയായി പ്രസിഡന്റ് സൂചിപ്പിച്ചു.

നികുതി നല്‍കുന്നത് രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടെയാണെന്ന് ബോധ്യപ്പെടുത്താനാണ് തന്റെ ശമ്ബളത്തിന്റെ കാര്യം പറഞ്ഞതെന്ന് രാഷ്ട്രപതി തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ തങ്ങളുടെ ശമ്ബളത്തില്‍ മുപ്പത് ശതമാനം കുറവ് വരുത്തിയിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തിന്റെ പുറത്തോ പ്രതിഷേധത്തിന്റേയോ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുമ്ബോള്‍ നഷ്ടമുണ്ടാകുന്നത് നമ്മള്‍ പൗരന്മാര്‍ക്ക് തന്നെയാണെന്നും രാഷ്ട്രപതി ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.