മാധ്യമങ്ങള്‍ക്ക് 200 കോടി നല്‍കിയുള്ള കുഴലൂത്ത് സര്‍വേ തങ്ങളെ തകര്‍ക്കാനുള്ളത്,സര്‍ക്കാരിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: മാദ്ധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വേകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ സര്‍വേകളിലൂടെ തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്ബനിയാണ് സര്‍വേ നടത്തിയതെന്നും, കേരളത്തിലെ വോട്ടര്‍മാരില്‍ ഒരു ശതമാനം പോലും പങ്കെടുക്കാത്ത സര്‍വേകളാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുഴലൂത്ത് നടത്തുന്ന രീതിയിലേക്ക് കേരളത്തിലെ മാദ്ധ്യമങ്ങള്‍ മാറിപ്പോകുന്നത് ശരിയാണോയെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ചു കിടക്കുന്ന സര്‍ക്കാരിനെ വെള്ളപൂശാന്‍ വേണ്ടി 200 കോടിയുടെ പരസ്യം കൊടുത്തു. അതിന്റെ ഉപകാര സ്മരണയാണ് സര്‍വേകളില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘ഈ സര്‍വേയില്‍ യുഡിഎഫിന് വിശ്വാസമില്ല.ഞങ്ങള്‍ തിരസ്‌കരിക്കുന്നു.അവതാരകര്‍ തന്നെ പറയുന്നു അഞ്ച് വര്‍ഷം കൂടി എല്‍ഡിഎഫ് ഭരിക്കുമെന്ന്.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തും സര്‍വേകളുണ്ടായിരുന്നു. ഫലം വന്നപ്പോള്‍ സര്‍വേ നടത്തിയവരെ കാണാനില്ലായിരുന്നു.

മാദ്ധ്യമങ്ങള്‍ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത്. മാദ്ധ്യമങ്ങള്‍ ആഘോഷിക്കട്ടെ. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണ്. പരസ്യം നല്‍കാന്‍ പ്രതിപക്ഷത്തിന് പണമില്ല.അഭിപ്രായ സര്‍വേകള്‍ ജനഹിതം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കാഴ്ച ഇന്ന് നമ്മള്‍ കാണുന്നു.ഞങ്ങള്‍ക്ക് വിശ്വാസം ജനങ്ങളുടെ സര്‍വേയിലാണ്.’- ചെന്നിത്തല പറഞ്ഞു.

ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണന ഒരു ശതമാനമെങ്കിലും യുഡിഎഫിന് ലഭിക്കേണ്ടേ?   എന്തൊരു മാധ്യമ ധര്‍മ്മമാണ് ഇത്. ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ നല്‍കിയും  വലയിലാക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.