ശിവശങ്കര്‍ രോഗലക്ഷണം മാത്രം, മുഖ്യമന്ത്രിയാണ് രോഗി; ഉളുപ്പുണ്ടെങ്കില്‍ രാജി വെക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണ് മുഖ്യമന്ത്രിയാണ് രോഗിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതോടെ ക്രമക്കേടുകളിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായി. അഴിമതി ചെയ്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അഴിമതി നടത്തിയ മുഖ്യമന്ത്രി ഉടന്‍ രാജി വെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്പ്രിംങ്ക്‌ളര്‍ മുതല്‍ എല്ലാ അഴിമതിയും തുടങ്ങിയതും കള്ളക്കടത്തിന് വേണ്ട എല്ലാ സഹായവും ചെയ്ത് കൊടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹായത്തോടെ എന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നാല്‍ മുഖ്യമന്ത്രി തന്നെയാണ്. ഇനി അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. ഇനി പറയാന്‍ മുഖ്യമന്ത്രിക്ക് ന്യായീകരണങ്ങളില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍ ഇന്ന് നടക്കുന്നത് സ്വര്‍ണക്കള്ളക്കടത്തും ഡോളര്‍ കടത്തും നാടുകടത്തലുമാണ്. ഹവാല ഇടപാടുകള്‍ക്കും സ്വര്‍ണക്കടത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ നഗ്‌നമായി ദുരുപയോഗപ്പെത്തിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വാര്‍ത്തകളും തെളിവുകളും മൊഴികളും പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. എന്നിട്ടാണ് മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തില്‍ ഗിരിപ്രഭാഷണങ്ങള്‍ മുഴുവന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആരെ കബളിപ്പിക്കാനാണ് ഈ ഗിരിപ്രസംഗമെന്നാണ് മുഖ്യമന്ത്രിയോട് തനിക്ക് ചോദിക്കാനുള്ളതെന്നും ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു.