രാമേശ്വരം കഫേ സ്‌ഫോടനം,ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ് അഹമ്മദ് മിർസയാണ് പിടിയിലായത്. കേസിൽ നേരത്തെ 4 പേർ പിടിയിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചോട്ടുവിനെ സംഘം പിടികൂടിയത്.

ലഷ്‌കർ-ഇ-ത്വയ്ബ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതിയാണ് പിടിയിലായ ചോട്ടുവെന്ന് എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.ലഷ്‌കർ ഭീകരരുമായി ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഇയാൾ നേരത്തെ ജയിലിലായിരുന്നു. ജയിൽ മോചിതനായ ശേഷവും ഭീകരരുമായി ഗൂഢലോചന നടത്തിയതായി എൻഐഎ കണ്ടെത്തി. ഇതോടെ ഷോയിബ് അഹമ്മദ് മിർസയ്‌ക്കായുള്ള അന്വേഷണം ശക്തമാക്കുകയായിരുന്നു.

സ്‌ഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ നിയന്ത്രിക്കുന്നത് വിദേശത്ത് നിന്നാണെന്ന് എൻഐഎ കണ്ടെത്തി. ഇതേത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ 11 ഇടങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയിരുന്നു.ലഷ്‌കർ- ഇ-ത്വയ്ബയുമായി ബന്ധപ്പെട്ട രണ്ട് വ്യക്തികളുടെ വീടുകളിലും എൻഐഎ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തി.

വിവിധ ഇടങ്ങളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് വരികയാണെന്നും അറസ്റ്റിലായ ഷോയിബിനെ വിശദമായി ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്‌ഫോടനം നടത്തിയതിൽ മുഖ്യ സൂത്രധാരനായ അബ്ദുൾ മത്തീൻ താഹയേയും ബോംബ് സ്ഥാപിച്ച മുസാഫിർ ഹുസൈൻ ഷാസിബിനേയും കൊൽക്കത്തയിൽ നിന്ന് എൻഐഎ നേരത്തെ പിടികൂടിയിരുന്നു