രൺജിത്ത് ശ്രീനിവാസൻ വധക്കേസ്, പിഎഫ്ഐ ഭീകരരുടെ ശിക്ഷാവിധി തിങ്കളാഴ്ച

ആലപ്പുഴ: ബി.ജെ.പി നേതാവ് രൺജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി ഇന്ന് വിധി പറയും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 15 പ്രതികളിൽ 14 പേരെ നേരിട്ടുകേട്ട ശേഷമാണ് കേസ് വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റിയത്. അതേസമയം,​ കേസിലെ പത്താം പ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ് പക്ഷാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വിധി പ്രസ്താവത്തിന് മുന്നോടിയായി പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കിയിരുന്നു. നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ്, നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ എന്നിവർക്കെതിരായ കുറ്റമാണ് തെളിഞ്ഞത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളി‍ഞ്ഞു. വീട്ടിൽ അതിക്രമിച്ച് കയറിയതായും കണ്ടെത്തി.

2021 ഡിസംബർ 19-നായിരുന്നു രൺജിത്ത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കൊല്ലപ്പെടുത്തിയത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ച് പിഎഫ്ഐ ഭീകരർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.