ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ല ; സി.ഐ. സുനുവിനെതിരേ തെളിവില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്

കൊച്ചി: പീഡനക്കേസില്‍ സി.ഐ.സുനുവിനെതിരേ തെളിവില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ സി.ഐ.യ്‌ക്കെതിരേ നടപടിയെടുക്കാനാവില്ലെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദപ്രകാരമാണ് യുവതി പരാതി നല്‍കിയതെന്നുമാണ് തൃക്കാക്കര എ.സി.പി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.രണ്ടുമാസം മുമ്പാണ് തൃക്കാക്കര എ.സി.പി. ഈ റിപ്പോര്‍ട്ട് കൊച്ചി ഡി.സി.പി.ക്ക് നല്‍കിയത്. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ഡി.ജി.പി.യ്ക്ക് സമര്‍പ്പിച്ചു.

സി.ഐ.യെ കേസില്‍ അറസ്റ്റ് ചെയ്യാത്തത് തെളിവില്ലാത്തതിനാലാണ്. അതിനിടെ, സി.ഐ. സുനു കഴിഞ്ഞദിവസം ഡി.ജി.പി.യുടെ ഹിയറിങ്ങിന് ഹാജരായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ 11-മണിക്ക് ഡി.ജി.പി.യുടെ ചേംബറില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് സുനുവിനോട് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്.

ഡി.ജി.പിക്ക് മുന്നില്‍ ഹാജരാകാതിരുന്ന സുനു, ചികിത്സയിലാണെന്നും 15 ദിവസം കൂടി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇ-മെയില്‍ അയക്കുകയായിരുന്നു. പിരിച്ചുവിടാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ബോധിപ്പിക്കണമെന്ന് കാണിച്ച് സുനുവിന് പോലീസ് മേധാവി നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരേ സുനു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ഒരാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കാന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ ഡിസംബര്‍ 31-ന് സുനു മറുപടി നല്‍കി. തുടര്‍ന്നാണ് നേരിട്ടുള്ള ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.