കൊണ്ടോട്ടിയിൽ സ്ത്രീയിൽ നിന്ന് പിടികൂടിയത് 13 ഗ്രാം എംഡിഎംഎ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

മലപ്പുറം: 13 ഗ്രാം എംഡിഎംഎയുമായി സ്ത്രീ പൊലീസ് പിടിയിൽ. മലപ്പുറം കൊണ്ടോട്ടി പോലീസാണ് ഇവരെ പിടികൂടിയത്. എടക്കര സ്വദേശിനി റസിയ ബീഗം ആണ് പിടിയിലായത്. മൊറയൂർ ഹൈസ്ക്കൂളിന് സമീപമുള്ള വാടക ലോഡ്ജിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

കരിപ്പൂർ പൊലീസ് ലഹരി ഉപയോഗവുമായി ചില യുവാക്കളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 13 ഗ്രാം എംഡിഎംഎ- യും 20000 രൂപയും, അളവ് ത്രാസും, പാക്കിംഗ് കവറുകളും പിടികൂടിയത്.

അതേസമയം, കോഴിക്കോട് നഗരത്തിൽ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം യുവാവ് പിടിയിലായിരുന്നു. പയ്യന്നൂർ സ്വദേശി ഷനോജ് എന്ന കടുക്ക ഷനോജ്(37)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും നാല് ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ബൈജു കെ പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.