റേഷന്‍ കടകളുടെ പ്രവര്‍ത്തനം സമയം പഴയപടിയാക്കി ; മാറ്റം ബുധനാഴ്ച മുതല്‍

തിരുവനന്തപുരം : റേഷന്‍കടകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം. പഴയ രീതിയിലേക്കുതന്നെ മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഷിഫ്റ്റ് സമ്പ്രദായം കാരണം പൊതുജനങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി പരാതി ഉയർന്നിരുന്നു.

മാര്‍ച്ച് ഒന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെയുമായി പുനഃക്രമീകരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ വേനലിന്റെ കാഠിന്യം കൂടിവരുന്നതും പ്രവര്‍ത്തനസമയത്തിൽ മാറ്റം വരുത്താൻ കാരണമായി.

ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് യഥാസമയം കൈപ്പറ്റാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് 2023 ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് 4-ാം തീയതി വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.