വേർപിരിഞ്ഞ ശേഷമാണ് കുഞ്ഞ് വേണമെന്ന ആഗ്രഹം ഉണ്ടായത്, രേവതിയുടെ അഭിമുഖം ചർച്ചയാകുന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് രേവതി. പലപ്പോഴും നടിയുടെ സ്വകാര്യ ജീവിതം വാർത്തകളിൽ നിറഞ്ഞിരുന്നു. രേവതി തന്റെ മകളെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലും വാർത്ത കോളങ്ങളിൽ നിറഞ്ഞതാണ്. സംവിധായകനും നടനുമായ സുരേഷ് ചന്ദ്ര മോഹൻ ആയിരുന്നു രേവതിയുടെ ഭർത്താവ്. പുതിയ മുഖം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴായിരുന്നു ഇരുവരും അടുപ്പത്തിലാവുന്നത്. സുരേഷ് അഭിനയിച്ചതും ആദ്യമായി സംവിധാനം ചെയ്ത സിനിമയുമായിരുന്നു പുതിയ മുഖം. തുടർന്ന് 1986 ൽ ഇരുവരും വിവാഹിതരായി. 16 വർഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം 2002 ൽ ഇവർ വേർപിരിഞ്ഞു. തുടർന്ന് 2013 ൽ നിയമപരമായി വിവാഹമോചനം നേടിയെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് താരങ്ങൾ.

അതേസമയം രേവതിയുടെ വ്യക്തി ജീവിതം പലപ്പോഴും വാർത്തയായിട്ടുണ്ട്. വിവചമോചനവും ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞ് ജനിച്ചതുമൊക്കെ ചർച്ചയായിട്ടുണ്ട്. ഇന്ന് 57-ാം ജന്മദിനം ആഘോഷിക്കുകയാണ് രേവതി. പിറന്നാൾ ദിനത്തിൽ രേവതിയുടെ പഴയ അഭിമുഖങ്ങളും പ്രേക്ഷക ശ്രദ്ധനേടുകയാണ്. വിവാഹമോചനത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളൊക്കെയാണ് വൈറലാകുന്നത്.

വിവാഹ ജീവിതം സുഖകരമായി മുന്നേറുന്നതിനിടയിൽ തന്നെയാണ് രേവതിയും സുരേഷും പിരിയാൻ തീരുമാനിക്കുന്നത്. വ്യത്യസ്തമായൊരു വേർപിരിയലായിരുന്നു ഇവരുടേത്. കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടെന്ന് തോന്നി തുടങ്ങിയപ്പോഴാണ് പിരിയാൻ തീരുമാനിച്ചത്. വേദനാജനകമായ കാര്യമായിരുന്നു വേർപിരിയലെന്ന് രേവതി ഓർക്കുന്നു.

എങ്ങനെയൊക്കെ പറഞ്ഞാലും സങ്കടത്തോടെയാണ് പിരിഞ്ഞത്. അത്ര പെട്ടെന്നൊന്നും ആ വിഷമത്തിൽ നിന്നും കരകയറാനായിരുന്നില്ല. വിവാഹമോചിതരായതിന് ശേഷവും ആ സുഹൃത്ത്ബന്ധം അതുപോലെ തന്നെ നിലനിർത്തുന്നുണ്ടെന്നും അന്ന് നൽകിയ അഭിമുഖത്തിൽ രേവതി പറയുകയുണ്ടായി. അതേസമയം പിരിയാനുള്ള തീരുമാനം പറഞ്ഞപ്പോൾ സുരേഷ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ചോദിച്ചപ്പോൾ അത് സ്വകാര്യമായി ഇരിക്കട്ടെ എന്നായിരുന്നു രേവതിയുടെ മറുപടി.

വേർപിരിഞ്ഞതിന് ശേഷമായിരുന്നു കുഞ്ഞെന്ന ആഗ്രഹം കലശലായതെന്നും താരം പറഞ്ഞു. അങ്ങനെയാണ് മഹി എത്തുന്നത്. ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞങ്ങൾ കഴിയുന്നത്. കൊച്ചുമകളോടൊപ്പം ഒത്തിരിക്കാലം ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നാണ് അവളെ കണ്ടപ്പോൾ അച്ഛനും അമ്മയും പറഞ്ഞതെന്നും രേവതി പറയുന്നു.