മഴയുടെ ശക്തി കുറഞ്ഞു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. ദിവസങ്ങൾ നീണ്ട ദുരിതപ്പെയ്‌ത്തിന് ശേഷമാണ് സംസ്ഥാനത്ത് മഴയ്‌ക്ക് ശമനമുണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത മലയോര മേറലകളിൽ ജാഗ്രത തുടരണമെന്നും തീരപ്രദേശ മേഖലകളിലുള്ളവർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനി 12ന് മാത്രമേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളൂ. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് 12ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.