പോക്സോ കേസ്; റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് ഡിസിപി

പോക്സോ കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനും അഞ്ജലിക്കും എതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി ഡി സി പി വി യു കുരുവിള. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചെങ്കിലും മറ്റാരും പരാതി തന്നിട്ടില്ല. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി. ‘ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മകളെ മുന്‍നിര്‍ത്തിവരെ എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടും കള്ളപ്പണ ഇടപാടും ഹണിട്രാപും ഒക്കെ എന്റെമേല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളാണ്. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയാം. ഞാനത് പുറത്തുപറയാതിരിക്കാനാണ് എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്’. അഞ്ജലി പ്രതികരിച്ചിരുന്നു.

റോയ് വയലാറ്റ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നത് കണ്ടെന്നും തനിക്ക് മയക്കുമരുന്ന് നല്‍കാന്‍ ശ്രമിച്ചത് അഞ്ജലിയാണെന്നുമായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. ഔഡി കാറില്‍ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ചത് ഇല്ലാത്ത മീറ്റിന്റെ പേരിലാണ്. പാര്‍ട്ടി ഹാളില്‍ സീരിയല്‍ താരങ്ങളെയും കണ്ടു. അഞ്ജലിയും റോയിയുടെ സുഹൃത്ത് ഷൈജുവും കോള കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.