മന്ത്രി എസി മൊയ്തീന്‍ വോട്ട് ചെയ്തത് ഏഴു മണിക്കു ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തല്‍

മന്ത്രി എസി മൊയ്തീന്‍ നേരത്തെ വോട്ട് ചെയ്‌തെന്ന പരാതിയില്‍ കാര്യമില്ലെന്ന് വ്യക്തമായി. മന്ത്രി വോട്ടു ചെയ്തത് ഏഴു മണിക്കു ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തല്‍. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് സ്റ്റാര്‍ട്ട് ടൈമിന്റെ പ്രിന്റൗട്ട് ജില്ലാ കളക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. പനങ്ങാട്ടുകര എഎന്‍ഡി സ്‌കൂളിലെ ഒന്നാം ബൂത്തില്‍ ആദ്യ വോട്ടറായി ഡിസംബര്‍ 10 ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കന്റിലാണ് മന്ത്രി വോട്ട് ചെയ്തത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മന്ത്രി മൊയ്തീന്‍ രാവിലെ 6.55 ന് വോട്ടു ചെയ്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എയാണ് പരാതി നല്‍കിയിരുന്നത്. വിഷയത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തൃശൂര്‍ ജില്ലാ കളക്ടറോടും റിട്ടേണിംഗ് ഓഫിസറോടും വിശദീകരണം തേടിയിരുന്നു. ചട്ടലംഘനം നടത്തിയ മന്ത്രി എ.സി മൊയ്തീനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടിരുന്നു.

അതേസമയം മന്ത്രി വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വാച്ചില്‍ സമയം ഏഴ് മണിയാണ് കാണിച്ചതെന്നും അതിനാലാണ് വോട്ട് ചെയ്യാന്‍ അനുവദിച്ചതെന്നും പ്രിസൈഡിംഗ് ഓഫിസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രാഥമിക വിശദീകരണം നല്‍കിയിരുന്നു. മന്ത്രി 6.55ന് വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയില്‍ തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരിയായ വടക്കാഞ്ചേരി സബ് രജിസ്ട്രാര്‍ പിഎം അക്ബര്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.