പരസ്പരസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം വേണ്ടെന്നു വെച്ചാൽ വഞ്ചനയാകില്ല

ദീർഘനാൾ പരസ്പര സമ്മതത്തോടെ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹം കഴിക്കാതിരുന്നാൽ വഞ്ചനയായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹം കഴിക്കാതെ മൂന്ന് വർഷമായി ശാരീരിക ബന്ധമുണ്ടായിരുന്ന യുവതി നൽകിയ കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ബന്ധത്തിൻറെ ഒരു ഘട്ടത്തിൽ പാൽഘർ സ്വദേശിയായ കാശിനാഥ് ഘരത് തന്നെ വിട്ട് പോകുകയും വഞ്ചിച്ചതായുമാണ് ഇരയുടെ ആരോപണം. ബലാത്സംഗത്തിനും വഞ്ചനയ്ക്കും എതിരെയുള്ള 376, 417 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

1999 ഫെബ്രുവരിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി, വഞ്ചനയ്ക്ക് കാശിനാഥിനെ ശിക്ഷിച്ചെങ്കിലും ബലാത്സംഗ കുറ്റത്തിൽ നിന്ന് ഇയാളെ വെറുതെ വിട്ടിരുന്നു.പ്രതി ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.എന്നാൽ വിധിക്കെതിരെ കാശിനാഥ് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ഏതെങ്കിലും തരത്തിൽ വഞ്ചിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അനുജ പ്രഭുദേശായി ചൂണ്ടിക്കാട്ടി.

പരസ്പര സമ്മതത്തോടെയാണ് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ജഡ്ജി പറഞ്ഞു.കേസിലെ പ്രതികൾ തെറ്റായ വിവരങ്ങൾ നൽകിയോ വഞ്ചിച്ചോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി കണ്ടെത്താനായില്ലെന്ന് തെളിവുകൾ പരിശോധിച്ച് സാക്ഷികളും വാദങ്ങളും കേട്ട ശേഷം ഹൈക്കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്രയും നാളത്തെ ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.