ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുള്ള ആരോഗ്യവകുപ്പിന്റെ നടപടിയിൽ ഇളവ്

തിരുവനന്തപുരം. ഫെബ്രുവരി ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുള്ള ആരോഗ്യവകുപ്പിന്റെ നടപടിയിൽ ഇളവ്. ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 16 മുതൽ ഹെൽത്ത് കാർഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

തീരുമാനത്തിന് പിന്നാലെ ഹെൽത്ത് കാർഡ് എടുക്കാനായി തിരക്കേറിയത് മൂലം സമയ പരിധി നീട്ടണമെന്ന ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. എന്നാൽ നാളെ മുതൽ സംസ്ഥാനത്ത് ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരും. 15-ാം തീയതിയ്ക്ക് ശേഷം മാത്രമായിരിക്കും സ്ഥാപനത്തിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡിന്റെ അഭാവത്തിൽ നടപടി സ്വീകരിക്കുക.

ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കൾ കെെകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കുമാണ് ഹെൽത്ത് കാർഡ് വേണ്ടത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഹെൽത്ത് കാർഡ് പരിശോധിക്കും.

ജീവനക്കാരുടെ ആരോഗ്യസ്ഥിതി, ത്വക്ക് രോഗങ്ങൾ, കാഴ്ച ശക്തി, ശരീരത്തിലെ വൃണം, മുറിവ് എന്നിവയിൽ പരിശോധന നടത്തണം. വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ എന്നും നോക്കും, പകർച്ചവ്യാധികൾക്കായി രക്തപരിശോധനയും നടത്തേണ്ടതുണ്ട്. ഡോക്ടറുടെ സീലും ഒപ്പും അടങ്ങുന്ന ഹെൽത്ത് കാർഡിന് ഒരു വർഷമായിരിക്കും കാലാവധി.