അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം, 22ന് അവധി പ്രഖ്യാപിച്ച് റിലയൻസ്

മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ അവധി പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസും. ജനുവരി 22ന് കമ്പനിയുടെ രാജ്യത്തുള്ള മുഴുവൻ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് റിലയൻസ് അറിയിച്ചു. ജീവനക്കാർക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകളിൽ പ​ങ്കെടുക്കാനും ചരിത്ര ദിവസം ആഘോഷിക്കാനുമാണ് അവധി നൽകിയ​തെന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 22-ന് കേന്ദ്രസർക്കാർ എല്ലാ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അർദ്ധദിവസ അവധി നൽകിയിരുന്നു . അതിന്റെ ചുവട് പിടിച്ചാണ് റിലയൻസ് ഗ്രൂപ്പും അവധി നൽകിയിരിക്കുന്നത് . നേരത്തെ മഹാരാഷ്‌ട്ര സർക്കാർ ജനുവരി 22 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) നിയന്ത്രിക്കുന്ന മണി മാർക്കറ്റുകൾ പോലും 22 ന് പ്രവർത്തിക്കില്ല.

ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം 11 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡിഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് പൂർണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അന്നേദിവസം കടുത്ത നിയന്ത്രണങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടുമെന്നും യു.പി. സര്‍ക്കാര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ അന്നേദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 22-ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.

22-ന് ഗുജറാത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ടര വരെ അടഞ്ഞുകിടക്കും. രാജസ്ഥാന്‍, ത്രിപുര, ഛത്തീസ്ഗഢ്, അസം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും ഉച്ചവരെ അവധി പ്രഖ്യാപിച്ചു. കേരളത്തിലും ബംഗാളിലും അവധി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളിലെ ബി.ജെ.പി. അധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.