പല്ലുപോയത് അപകടത്തിൽ 35ാം വയസിൽ, സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് സിദ്ദിഖ്

മലയാളി സിനിമാ പ്രേക്ഷകർക്ക് സുബ്ബലക്ഷ്മി എന്നാൽ നന്ദനത്തിലെ വേശാമണിയമ്മാളും കല്യാണ രാമനിലെ മുത്തശ്ശിയും എല്ലാമാണ്. ജീവിതത്തിൽ അതിനേക്കാൾ മനോഹരമായ മുത്തശ്ശിയായി ഒരു ജീവിതകാലം ചിലവിട്ട അമ്മൂമ്മയാണ് അവർ.

സുബലക്ഷ്മി അമ്മയുടെ സിനിമയിലേക്കുള്ള വരവ് 69–ാം വയസിലാണ്. പല്ലു പൊഴിയുന്ന ആ പ്രായത്തിൽ സിനിമയിലെത്തിയ കഥ പറഞ്ഞു സിനിമകളിൽ കാണുന്ന അതേ ക്ലാസിക് ചിരി പുറത്തെടുത്തിരുന്നു. പക്ഷേ പല്ലുകൾ പോയത് 35–ാം വയസ്സിൽ ഒരപകടത്തിലാണ്. വയ്പുപല്ലു വയ്ക്കാൻ ആ പ്രായത്തിലും തയാറായിരുന്നില്ല.

നടൻ സിദ്ദീഖ് ആണു നന്ദനത്തിലെ വേഷത്തിലേക്ക് സംവിധായകനായ രഞ്ജിത്തിനോട് ശുപാർശ ചെയ്തത്. നാട്ടിൻപുറത്തുകാരി മുത്തശ്ശിയായ ശേഷം രണ്ടാമത്തെ ചിത്രത്തിൽ ഫ്രോക്ക് ധരിച്ച ആംഗ്ലോ ഇന്ത്യൻ മുത്തശ്ശിയുമായി. സംഗീതജ്ഞയായിട്ടായിരുന്നു ആർ സുബ്ബലക്ഷ്‍മി കലാ രംഗത്ത് അരങ്ങേറിയത്. ജവഹർ ബാലഭവനിൽ ഡാൻസ് അധ്യാപകയായും സിനിമയ്‍ക്ക് മുന്നേ സുബ്ബലക്ഷ്‍മി പേരെടുത്തിരുന്നു. ഓൾ ഇന്ത്യ റേഡിയോയിൽ 1951ൽ ആർ സുബ്ബലക്ഷ്‍മി പ്രവർത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആർടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങിയിരുന്നു.

സിനിമയിൽ അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നു. വേശാമണി അമ്മാൾ എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെ ആർ സുബ്ബലക്ഷ്‍മി പ്രേക്ഷകരുടെ ഹൃദയം കവർന്നു. ചിരിയിൽ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളും ചിത്രത്തിൽ ആർ സുബ്ബലക്ഷ്‍മി മികവുറ്റതാക്കി. സുബ്ബലക്ഷ്‍മിയെ പ്രിയങ്കരിയാക്കിയ മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണ രാമനിലേതായിരുന്നു. കാർത്ത്യായനിയായിരുന്നു സുബ്ബലക്ഷ്‍മി കല്യാണ രാമനിൽ. ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്‍മിയുടെ കെമിസ്‍ട്രി വർക്കായതും അവരുടെ ചിരി പടർത്തിയ വാർദ്ധക്യ പ്രണയും നിഷ്‍കളങ്കമായ നാണവും മോണകാട്ടിയുള്ള ചിരിയുമെല്ലാം കല്യാണ രാമന്റെ വിജയഘടകങ്ങളായിരുന്നു. വിജയ് നായകനായി പ്രദർശനത്തിനെത്തിയ ചിത്രം ബീസ്റ്റിലായിരുന്നു ആർ സുബ്ബലക്ഷ്‍മി അവസാനമായി വേഷമിട്ടത്.

ജാക്ക് ആൻഡ് ഡാനിയൽ മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോൾ എന്നിവയിൽ ഡബ്ബിംഗ് ആർടിസ്റ്റുമായി തിളങ്ങിയ ആർ സുബ്ബലക്ഷ്‍മി മലയാളത്തിനും തമിഴിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്. സംസ്‍കൃതം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, രുദ്ര സിംഹാസനം തുടങ്ങിയവയിൽ ഗായികയായും തിളങ്ങി ആർ സുബ്ബലക്ഷ്‍മി. ഭർത്താവ് കല്യാണകൃഷ്‍ണൻ. നടിയായ താരാ കല്യാൺ മകളാണ്.