അവാർഡ് തുക വൃക്ക രോഗിക്ക്, പാട്ടുപാടി സദസ്സിനെ കൈയ്യിലെടുത്ത് പെങ്ങളൂട്ടി

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നേതാവ് രമ്യ ഹരിദാസ് പാട്ടുപാടി പ്രചരണം നടത്തിയത് വൻ വാർത്തയായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് സി മോഹനചന്ദ്രന്റെ സ്മരണാര്‍ത്ഥം നല്‍കിയ സമ്മോഹനം പുരസ്‌കാരം ഗാന്ധിഭവനില്‍ ഏറ്റുവാങ്ങിയ ശേഷം സദസിൽ തിങ്ങി നിറഞ്ഞവരുടെ നിര്‍ബന്ധത്തിന് വഴങ്ങി രമ്യ ഹരിദാസ് പാടി. ‘ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി’, ഗാനം പാടി മുഴുവിക്കും മുന്‍പേ സദസില്‍ നിന്നു നിറഞ്ഞ കൈയടി ഉയർന്നു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും എം എം ഹസനും രമ്യയെ അനുമോദിച്ചു.

പാടാന്‍ ബുദ്ധിമുട്ടാണെന്നും തൊണ്ടയ്ക്ക് സുഖമില്ലെന്നും പറഞ്ഞെങ്കിലും രമ്യയെ സദസിലിരുന്നവര്‍ വിട്ടില്ല. പിന്നെ എല്ലാം മറന്ന് രമ്യ പാടുകയായിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍ നിന്നുള്ള തനിക്ക് പീഡിതരുടെയും സ്ത്രീകളുടെയും മുഖം എന്നും ഓര്‍മ്മയുണ്ടാകുമെന്ന് അവാര്‍ഡ് ഏറ്റുവാങ്ങി രമ്യ പറഞ്ഞു.

തെറ്റുകള്‍ വന്നേക്കാം, പോരായ്മകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ പാര്‍ട്ടിയും സമൂഹവും ഉണ്ടാകുമെന്ന വിശ്വാസമാണ് തന്റെ ബലമെന്നും അവര്‍ പറഞ്ഞു. അവാര്‍ഡിനൊപ്പം തനിക്ക് കിട്ടിയ 25000 രൂപ ആലത്തൂരിലെ വൃക്ക
രോഗികള്‍ക്ക് സഹായമായി നല്‍കുമെന്ന് രമ്യ പറഞ്ഞു.പാട്ടുംപാടി വിജയിക്കുക എന്നത് കോട്ടയത്തുള്ള ഒരു പ്രയോഗമാണെന്നും അക്ഷരാര്‍ത്ഥത്തില്‍ പാട്ടുംപാടി വിജയിച്ചയാളാണ് രമ്യയെന്നും അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞു