എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന് ക്ഷണക്കത്ത്, പോസ്റ്റുമായി രഞ്ജിനി

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിഞ്ജ അഞ്ഞൂറു പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ കെട്ടകാലത്ത് സത്യ പ്രതിഞ്ജ ഓൺലൈനാക്കണമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ സർക്കാരിനെ വിമർശിച്ചെത്തിയിരിക്കുകയാണ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്.

രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിങ്ങനെയാണ്, ‘എന്റെ സുഹൃത്ത് ഇന്ന് രാവിലെ വീട്ടിൽ വന്നിരുന്നു. എന്തിനാണെന്നോ, അവന്റെ മകളുടെ കല്യാണം വിളിക്കാൻ. കല്യാണക്കുറി വായിച്ച ഞാൻ ഞെട്ടിപ്പോയി. അതിൽ എഴുതിയിരിക്കുന്നു എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്…എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവൻ പറയുകയാ കല്യാണം എന്നെഴുതിയാൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോൾ 750 പേർക്ക് വരെ പങ്കെടുക്കാമെന്ന്’

എന്തുകൊണ്ട് സത്യപ്രതിജ്ഞ ഓൺലൈൻ ആയി നടക്കുന്നില്ല? ഇതേക്കുറിച്ച് ആരെങ്കിലും ഒന്ന് വിശദീകരിക്കൂ. ട്രിപ്പിൾ ലോക്ക്ഡൗണിലല്ലേ നമ്മൾ? ഇതെങ്ങനെ സാധൂകരിക്കും എന്ന് മറ്റൊരു പോസ്റ്റിലൂടെ രഞ്ജിനി ചോദിക്കുന്നുണ്ട്. ട്രിപ്പിൾ ലോക്ക്ഡൌൺ നിലവിലുള്ള തിരുവനന്തപുരത്ത് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ 500 പേരിൽ കുറയാതെ നടത്താൻ ഒരുങ്ങുന്ന സാഹചര്യത്തെക്കുറിച്ചാണ് രഞ്ജിനിയുടെ പോസ്റ്റ്.

സത്യപ്രതിജ്ഞ ഈ മാസം 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ക്ഷണിക്കപ്പെട്ട 500 പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളത്. അതേസമയം ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ വലിയ വിമർശനമുയർത്തുന്നുണ്ട്. നേരത്തെ ഇടതുമുന്നണി നേതാക്കൾ കേക്ക് മുറിച്ച് വിജയം ആഘോഷിച്ചത് ട്രിപ്പിൾ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാണിച്ച് കോൺ​ഗ്രസ് പരാതി നൽകിയിരുന്നു.