നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ യുവാക്കളില്‍ ഒരാളെ രക്ഷിച്ചു, രണ്ടാമനായി തിരച്ചില്‍ തുടരുന്നു

പാലക്കാട്: നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ യുവാക്കളില്‍ ഒരാളെ രക്ഷിച്ചു. കോട്ടായി സ്വദേശി രഘുനന്ദനെയാണ് രാത്രിയില്‍ വനത്തില്‍ നിന്ന് കണ്ടെത്തിയത്. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിനായി തിരച്ചില്‍ തുടരുകയാണ്. സീതാര്‍കുണ്ട് വ്യൂപോയിന്റില്‍നിന്നു കൊക്കയിലേക്കു വീണാണ് യുവാക്കളെ കാണാതായത്. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണു കാല്‍വഴുതി വീണത്. ഞായറാഴ്ച വൈകിട്ടു അഞ്ചരയോടെയായിരുന്നു അപകടം.

ബെംഗളൂരുവില്‍ ഐടി കമ്ബനി ജീവനക്കാരാണ്. ഒപ്പം ജോലിചെയ്യുന്ന സുഹൃത്തുക്കളുമൊത്തു നാലുപേരടങ്ങുന്ന സംഘം രണ്ടു ബൈക്കുകളിലാണ് എത്തിയത്.വ്യൂപോയിന്റ് സന്ദര്‍ശിക്കുന്നതിനിടെ സന്ദീപിന്റെ കാല്‍വഴുതി. രഘുനന്ദന്‍, സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും കൊക്കയിലേക്കു വീണതായി പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞ് ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. രാത്രി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

കൊക്കയില്‍, 50 മീറ്റര്‍ താഴ്ചയില്‍ ഇറങ്ങി പരിശോധിക്കാനായിരുന്നു തീരുമാനം. സീതാര്‍കുണ്ടിനു താഴെ കൊല്ലങ്കോട് വനമേഖലയിലും ഫയര്‍ഫോഴ്‌സും പൊലീസും വനം വകുപ്പും അടങ്ങുന്ന സംഘം തിരച്ചില്‍ നടത്തും. സമുദ്രനിരപ്പില്‍നിന്നു 1572 മീറ്റര്‍ ഉയരത്തിലാണു സീതാര്‍കുണ്ട്.