താലിബാൻ വിരുദ്ധ സേന പണി തുടങ്ങി; താലിബാന്‍ തീവ്രവാദികളില്‍ നിന്ന് മൂന്ന് ജില്ലകള്‍ തിരിച്ച് പിടിച്ചു

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിച്ചടക്കിയ മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് താലിബാൻ വിരുദ്ധ സേന. ബാനു, പോൾ ഇ ഹസർ, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തിൽ നിന്ന് വർധിച്ച വീര്യത്തോടെ താലിബാൻ വിരുദ്ധ സേന തിരിച്ചു പിടിച്ചത്. സേനയുടെ ഈ പോരാട്ടത്തിൽ 60 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. ഈ മൂന്ന് ജില്ലകൾക്കായി താലിബാൻ തീവ്രവാദികളും താലിബാൻ വിരുദ്ധ സേനയും തമ്മിൽ നടത്തിയ പോരാട്ടത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നുണ്ട്.

പ്രവിശ്യയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അഫ്ഗാനിലെ മുൻ സർക്കാർ പ്രതിനിധിയും ഇറാൻ ഇന്റർനാഷണൽ എന്ന് പേരുള്ള യുകെ ആസ്ഥാനമായുള്ള പേർഷ്യൻ ടിവി സ്റ്റേഷന്റെ മുതിർന്ന ലേഖകനുമായ താജുദൻ സോറൗഷ് നിരവധി ട്വീറ്റുകൾ പങ്കിട്ടിട്ടുണ്ട്. “ബാഗ്ലാൻ പ്രവിശ്യയിലെ താലിബാൻ വിരുദ്ധ പ്രാദേശിക പ്രതിരോധ സേന ബാനു, പോൾ-ഇ-ഹസർ ജില്ലകൾ താലിബാനിൽ നിന്ന് തിരിച്ചുപിടിച്ചു. അവർ ദേ സലാഹ് ജില്ലയിലും മുന്നേറ്റം നടത്തുന്നുണ്ട്. ഈ പോരാട്ടത്തിൽ 60 ഓളം താലിബാൻ പോരാളികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കപ്പെടുകയോ ചെയ്തിട്ടുണ്ട്”, താജുദൻ ട്വീറ്റ് ചെയ്തു.