‘ചാൻസലർക്ക് നിയമവും രാഷ്ട്രീയവും അറിയാം, നടന്നത് ശരിയായ നിയമനമെന്നു ഹൈക്കോടതി തന്നെ അംഗീകരിച്ചു ’; കണ്ണൂർ വിസി

കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ സമർപ്പിച്ച ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. സർവകലാശാലകളിൽ പുനർ നിയമനം സാധാരണ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. നടന്നത് ശരിയായ നിയമനം മാത്രമാണെന്നും ഇപ്പോൾ ഹൈക്കോടതി തന്നെ അത് ശരിവെച്ചെന്നും അദ്ദേഹം പറഞ്ഞു.

ചാൻസലർ കൂടിയായ ഗവർണർക്ക് രാഷ്ട്രീയവും നിയമവും അറിയാം. കാര്യങ്ങൾ പഠിച്ചിട്ട് തന്നെയാകാം ഗവർണർ നിയമനം നടത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് കത്ത് നൽകിയത് അസാധാരണമല്ലെന്നും സംഭവം ഒരു രാഷ്ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിസിയുടെ പ്രതികരണം.

നേരത്തെ വിസിയുടെ പുനർനിയമനത്തിന് എതിരായി കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് അക്കാദമിക് കൗൺസിൽ അംഗങ്ങൾ സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഹർജി നിയപരമായി നിലനിക്കില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ നിരീക്ഷിച്ചു.

അതേസമയം ഹർജിക്കാർ അടുത്ത ദിവസം തന്നെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമാണിത്. ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.