വൈദികനില്‍ നിന്നും വൃക്ക സ്വീകരിച്ച റിന്‍സി എട്ട് വര്‍ഷത്തിന് ശേഷം മരണത്തിന് കീഴടങ്ങി

മട്ടാഞ്ചേരി: വൈദികനില്‍ നിന്നും വൃക്ക സ്വീകരിച്ച റിന്‍സി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി. തോപ്പുംപടി കാട്ടേത്ത് ഹൗസില്‍ സിറിളിന്റെ മകള്‍ റിന്‍സി ആണ് മരിച്ചത്. 25 വയസായിരുന്നു. ജീസസ് യൂത്തിന്റെ ദേശീയ സ്പിരിച്വല്‍ ഡയറക്ടറായിരിക്കെ 2014ലാണ് ഫാ. ചെറിയാന്‍ നേരേവീട്ടില്‍ തന്റെ വൃക്കകളില്‍ ഒന്ന് വൃക്ക സംബന്ധ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിന്‍സിക്ക് പകുത്ത് നല്‍കിയത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്ന റിന്‍സിക്ക് വൈദികന്റെ വൃക്ക പുതു ജീവന്‍ സമ്മാനിക്കുകയായിരുന്നു. മാര്‍ച്ച് നാലിന് മെഡിക്കല്‍ ട്രസ്റ്റ് ആസുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. കിട്ടുന്ന സമയത്തൊരക്കെ ഫാ. ചെറിയാന്‍ റിന്‍സിയുടെ വീട്ടില്‍ എത്തുകയും സ്‌നേഹോപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

ഇടക്കാലത്ത് റിന്‍സിക്ക് അര്‍ബുദ രോഗം പിടിപെടുകയായിരുന്നു. ഈ സമയവും സാന്ത്വന വാക്കുകളുമായി അച്ചന്‍ എത്തുമായിരുന്നു. എന്നാല്‍ ഫാ. ചെറിയാന്‍ നാല് മാസം മുമ്പ് അപകടത്തില്‍ മരിച്ചു. ഈ മരണം റിന്‍സിക്കും വലിയ ആഘാതമായിരുന്നു. ഇതിന് പിന്നാലെ റിന്‍സിയും യാത്രയായി.

സംസ്‌കാരം വ്യാഴാഴ്ച 3.30ന് സാന്‍തോം സെയന്റ് തോമസ് ദേവാലയ സിമിത്തേരിയില്‍ നടക്കും. മാതാവ്: റീന, സഹോദരി: റിയ.