രാഹുലിന്റെ കണ്ണ് സീറ്റിൽ മാത്രം, തിരഞ്ഞെടുപ്പ് റാലി നടത്തേണ്ട സമയത്ത് രാഹുൽ വിനോദയാത്രയിൽ- ആഞ്ഞടിച്ച് ആർജെഡി

ബീഹാർ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി ആർ.ജെ.ഡി മുൻ വൈസ് പ്രസിഡന്റ് ശിവാനന്ദ് തിവാരി. കോൺഗ്രസിന് താത്പര്യം സീറ്റിൽ മാത്രമാണെന്നും പ്രചാരണത്തിനിടെ രാഹുൽഗാന്ധി സുഖവാസത്തിന് പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഹാർ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം രാഹുൽ ഗാന്ധിയും കോൺഗ്രസും മനസിലാക്കിയില്ല. കോൺഗ്രസിന്റെ നിലപാടുകൾ കാരണമാണ് ബീഹാറിലെ പ്രധാന പാർട്ടികളായ വി.ഐ.പിയേയും എച്ച്.എ.എമ്മിനെയും മഹാസഖ്യത്തിൽ ഉൾപ്പെടുത്താൻ സാധിക്കാതിരുന്നതെന്ന് തിവാരി വിമർശിച്ചു.

മഹാസഖ്യത്തിന് കോൺഗ്രസ് ബാധ്യതയായെന്നും 70 സീറ്റുകൾ പിടിച്ചു വാങ്ങിയ കോൺഗ്രസ്സ് 70 റാലികൾ പോലും നടത്തിയില്ലെന്നും മൂന്നു ദിവസം മാത്രമാണ് രാഹുൽ ബീഹാറിൽ തങ്ങിയതെന്നും ശിവാനന്ദ് തിവാരി ആരോപിച്ചു.കോൺഗ്രസ്സിന്റെ ഈ ശൈലിയാണ് ബി.ജെ.പിക്ക് ഗുണകരമായത്. പ്രിയങ്കാ ഗാന്ധിയാകട്ടെ ബീഹാറിലേക്ക് തിരിഞ്ഞു നോക്കിയതുപോലുമില്ല. ഇതേ സമീപനത്തെ തുടർന്നാണ് മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ്സിന്റെ സ്ഥിതി ദയനീയമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിക്കേണ്ട രാഹുൽ മൂന്നു ദിവസം മാത്രമാണ് ബിഹാറിലുണ്ടായിരുന്നത്. ഒരു ദിവസം രണ്ട് യോഗങ്ങളിൽ മാത്രമാണ് പ്രസംഗിച്ചത്. ആകെ സംസ്ഥാനത്ത് ആറ് യോഗങ്ങളിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രായംകൊണ്ട് രാഹുലിനേക്കാൾ ഏറെ മുതിർന്നയാളാണ്. അദ്ദേഹം മൂന്നോ നാലോ യോഗങ്ങളിൽ ഒരു ദിവസം പ്രസംഗിച്ചു. മൂന്നു ദിവസത്തെ പ്രചാരണത്തിനു ശേഷം രാഹുൽ ഷിംലയ്ക്ക് പോയി. ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്തുകൊണ്ട് പ്രിയങ്ക ഗാന്ധി വന്നില്ലെന്നും തിവാരി ചോദിച്ചു.