മുക്കുപണ്ടം പണയംവയ്ക്കാൻ എത്തിയ ആൾ പിടിയിൽ

ചേര്‍പ്പ് : മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പുത്തൂര്‍ കൈനൂര്‍ ചിറയത്ത് സിജോ(43) ആണ് പിടിയിലായത്. പാലക്കല്‍ സെന്ററിലെ ഐശ്വര്യ ഗോള്‍ഡ് എന്ന സ്ഥാപനത്തിലാണ് പ്രതി തട്ടിപ്പിന് ശ്രമം നടത്തിയത്. 33 ഗ്രാം വരുന്ന മാല പണയംവെക്കാനായിരുന്നു ഇയാള്‍ സ്ഥാപനത്തിലെത്തിയത്.

സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.

അതേസമയം, മൂവാറ്റുപുഴയാറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ സ്വദേശി 19 കാരനായ കാമത്ത് ശ്രീമിത്രുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് ഏകദേശം 4.30ഓടെയാണ് സംഭവം നടന്നത്. മൂവാറ്റുപുഴ- തൊടുപുഴ റോഡില്‍ നിര്‍മ്മല ഹോസ്റ്റല്‍ ജംഗ്ഷന് സമീപം കടത്ത് കടവിലായിരുന്നു അപകടം സംഭവിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 19കാരനായ കാമത്ത് ശ്രീമിത്രു ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനോടൊപ്പം മൂവാറ്റുപുഴ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.