ശബരിമല തീര്‍ത്ഥാടനത്തിന് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി

ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി പൊലീസ്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോര്‍ഡിനേറ്ററും ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരി ജോയിന്റ് പൊലീസ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും.

സന്നിധാനം, പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടന കാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഘട്ടത്തില്‍ സന്നിധാനത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് എസ്പി പ്രേം കുമാറിനും പമ്പയിലെ ചുമതല മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി സന്തോഷ് കെ വിയും വഹിക്കും. കൂടാതെ നിലയ്ക്കലിലെ ചുമതല പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി കെ സലിം വഹിക്കും. നവംബര്‍ 30 മുതലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

ഇതിനിടെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്തര്‍ക്ക് ആവശ്യമായ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര ( മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളില്‍ നിന്നുമാണ് ദിവസേന മുന്‍ കൂട്ടി റിസര്‍വേഷന്‍ നല്‍കി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.